തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് കൊച്ചിയില്‍

Update: 2022-05-14 02:54 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് കേരളത്തിലെത്തും. നാളെ കിഴക്കമ്പലത്ത് നടക്കുന്ന ട്വന്റി 20യുടെ ജനസംഗമത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. ഇന്ന് രാത്രി 7.10ന് കൊച്ചി എയര്‍ വിസ്താര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന് മലബാര്‍ താജ് ഹോട്ടലിലാണ് താമസമൊരുക്കിയിരിക്കുന്നത്. നാളെ രാവിലെ ആം ആദ്മി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലുമണിയോടെ കെജ്‌രിവാള്‍ കിഴക്കമ്പലത്തെ ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയും സന്ദര്‍ശിക്കും. അതിന് ശേഷമാവും കിഴക്കമ്പലത്തെ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനസംഗമത്തില്‍ പങ്കെടുക്കുക.

പൊതുസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം രാത്രി 9 മണിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും. പാര്‍ട്ടിയുടെ അംഗത്വവിതരണവും ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയിലെത്തുന്നത്. ഡല്‍ഹിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തില്‍ ബദല്‍ നീക്കങ്ങള്‍ സജീവമാക്കാനുള്ള കെജ്‌രിവാളിന്റെ വരവ്. ഇരുകക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാര്‍ഥിയെ തൃക്കാക്കരയില്‍ നിര്‍ത്താന്‍ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ഉപ തിരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നുമാണ് ഇരുപാര്‍ട്ടികളും സംയുക്തമായി അറിയിച്ചത്. ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20യും സഹകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കെജ്‌രിവാള്‍ നടത്തും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും അദ്ദേഹം പ്രഖ്യാപിച്ചേക്കും. അഴിമതിരഹിത ആധുനിക കേരളം പടുത്തുയര്‍ത്തുന്നതിന്റെ ചുവടുവയ്പ്പാണ് കെജ്‌രിവാളിന്റെ സന്ദര്‍ശനമെന്നാണ് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് പറയുന്നത്.

Tags:    

Similar News