ഡല്‍ഹി ഛലോ: ഹരിയാന-ഡല്‍ഹി ദേശീയപാത അടച്ചു; റൂട്ട് മാറ്റിപ്പിടിച്ച് പഞ്ചാബി കര്‍ഷകര്‍
ചണ്ഡീഗഢ്: 26-27 തിയ്യതികളിലായി നടക്കുന്ന ഡല്‍ഹി ഛലോ മാര്‍ച്ചിന് തടയിടാന്‍ ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ ദേശീയപാത അതിര്‍ത്തികളും അടച്ചതോടെ മറ്റു വഴികളിലൂടെ ഡല്‍ഹിയിലെത്താന്‍ കര്‍ഷക സംഘടനാ നേതാക്കള്‍ തീരുമാനിച്ചു. ദേശീയപാതയല്ലാത്ത മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ശ്രമം.
ഭാരതി കിസാന്‍ യൂണിയന്‍(ബികെയു) ഏകതാ-ഉഗ്രഗാന്‍ പ്രവര്‍ത്തകര്‍ ബുധനാഴ്ച രാത്രി മുതല്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ ഖനൗരി, മൂനാക്ക് പ്രദേശത്ത് തമ്പനടിച്ചിരിക്കുകയാണ്. മറ്റ് കര്‍ഷക യൂണിയനുകളാണ് ഇതര വഴികളിലൂടെ തലസ്ഥാനത്തെത്താനുള്ള ശ്രമം തുടരുന്നത്.
കീര്‍ത്തി കിസാന്‍ യൂണിയന്‍ അംഗങ്ങളും ബികെയു കാദിയാന്‍ അംഗങ്ങളും സംഗ്രൂരിലെ മസ്തുവാന സാഹിബ് മൈതാനത്ത് 11 മണിയോടെ കൂടിച്ചേരാനാണ് ആലോചിക്കുന്നത്.
'ബികെയു ഏക്താ-ഉഗ്രഹാന്‍ പ്രവര്‍ത്തകര്‍ ഇതിനകം സംഗ്രൂരിലെ അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതിനടുത്ത പട്യാലയിലെ ശംഭു അതിര്‍ത്തിയിലേക്ക് പോകാനാണ് കീര്‍ത്തി കിസാന്‍ യൂണിയന്‍ ആലോചിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി അംഗം ഭൂപീന്ദര്‍ സിംഗ് ലോംഗോവാല്‍ പറഞ്ഞു.
പട്യാല ജില്ലയില്‍ നിന്ന് സമന-ചിക്ക റൂട്ടില്‍ തങ്ങളുടെ പ്രവര്‍ത്തകരും മറ്റ് കര്‍ഷക സംഘടനകളിലുള്ളവരും ഹരിയാനയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബികെയു നേതാവ് ഗുര്‍മീത് സിംഗ് ഭട്ടിവാള്‍ പറഞ്ഞു.
80 ട്രാക്ടര്‍-ട്രെയിലറുകളും 10 ബസുകളും ഖനൗരി അതിര്‍ത്തിയിലേക്ക് പോകാനൊരുങ്ങിയിട്ടുണ്ട്. അവര്‍ ദേശീയപാതവഴി തന്നെ വരാനാണ് തീരുമാനമെന്ന് ബികെയുവിന്റെ ഗോബിന്ദര്‍ സിംഗ് പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ കര്‍ഷ ബില്ല് പാസ്സാക്കിയതിനെതിരേ രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
