കൊവിഡിനുശേഷം ഡല്‍ഹി വിമാനത്താവളത്തിലെ തിരക്ക് വര്‍ധിച്ചതായി റിപോര്‍ട്ട്

Update: 2022-05-03 07:16 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കുശേഷം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് വര്‍ധിച്ചതായി റിപോര്‍ട്ട്. ഓഫിഷ്യല്‍ എയര്‍ലൈന്‍ ഗൈഡിന്റെ റിപോര്‍ട്ടാണ് ഇതേകുറിച്ചുള്ള സൂചന നല്‍കുന്നത്. അന്താരാഷ്ട്ര വിമാനങ്ങളും ആഭ്യന്തര വിമാനങ്ങളും ധാരാളം സര്‍വീസ് നടത്തുന്ന വിമാനത്താവളമാണ് ഇത്.

അറ്റ്‌ലാന്‍ഡയാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. ദുബയി രണ്ടാം സ്ഥാനത്താണ് ഒരു മാസം മുമ്പുവരെയുണ്ടായിരുന്നത്. പിന്നീട് ദുബയി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ആ സ്ഥാനത്ത് ഡല്‍ഹി ഇടംപിടിച്ചു.

കൊവിഡ് മാഹാമാരിക്ക് മുമ്പ് മാര്‍ച്ച് 2019ല്‍ ഡല്‍ഹി വിമാനത്താവളം തിരക്കിന്റെ കാര്യത്തില്‍ 23ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ യുഎസ്സിലെ അത്‌ലാന്റ വിമാനത്താവളം, ഡല്‍ഹി വിമാനത്താവളം, യുഎഇയിലെ ദുബയി വിമാനത്താവളം, എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അറ്റ്‌ലാന്‍ഡ 4.42 ദശലക്ഷം യാത്രക്കാരെയും ഡല്‍ഹി 3.61 ദശലക്ഷം യാത്രികരെയും ദുബയി 3.55 ദശലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്തു.

കൊവിഡ് 19 ലോകത്തെ മുഴുവനായും ബാധിച്ചു. എല്ലാ രാജ്യങ്ങളും യാത്രാനിരോധനം ശക്തമാക്കി. ടൂറിസത്തെയും ബാധിച്ചു- ഡല്‍ഹി എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സിഇഒ വിദേഷ് കുമാര്‍ പറഞ്ഞു.

യാത്രാനിരോധം എടുത്തുമാറ്റിയതോടെയാണ് വിമാനയാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്.

Tags: