പരപ്പനങ്ങാടി: 1969ല്‍ 13 ലക്ഷം ജനങ്ങളുമായി രൂപീകരിച്ച് 2026ല്‍ 50 ലക്ഷം ജനങ്ങളുമായി എത്തിനില്‍ക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കാന്‍ അമാന്തിക്കുന്നത് ജില്ലയോടുള്ള വെല്ലുവിളിയാണെന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ ഡിമാന്റ് മാര്‍ച്ച് നടത്തി. തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയിലാണ് മാര്‍ച്ച് നടന്നത്.
ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തും, വിസ്തൃതിയില്‍ മൂന്നാ സ്ഥാനത്തും വികസനത്തില്‍ പതിനാലാം സ്ഥാനത്തുമുള്ള മലപ്പുറം ജില്ല വിഭജനം അനിവാര്യ ഘടകമാണ്. മലയോരവും, തീരദേശവും അടങ്ങുന്ന ജില്ലയില്‍ വികസന നേട്ടങ്ങള്‍ ചൂണ്ടികാണിക്കാന്‍ ഒന്നുമില്ല. 15 വര്‍ഷമായി ജില്ലയില്‍ ജനറല്‍ ആശുപത്രി ഇല്ലാതായിട്ട്.
ജനറല്‍ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളേജിന്റെ ബോര്‍ഡ് സ്ഥാപിച്ചുള്ളത് പോലെയുള്ള വികസനമാണിവിടെ നടക്കുന്നതെന്നും ഡിമാന്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ ഹമീദ് പരപ്പനങ്ങാടി, ലത്തീഫ് എടക്കര, ഫൈസല്‍ പുളിക്കലകത്ത്, നൗഫല്‍ പരപ്പനങ്ങാടി സംസാരിച്ചു. മണ്ഡലം നേതാക്കളായ, സിദ്ധീഖ് കെ, വാസു ടി, മുനീര്‍ എന്‍ കെ, ഷബീര്‍ബാപ്പു എടരിക്കോട്, ആസിയ ഹുസൈന്‍, എന്നിവര്‍ നേതൃത്വം നല്‍കി.