ലൈംഗികാതിക്രമക്കേസില്‍ കാലതാമസം ബാധകമല്ല: ഹൈക്കോടതി

Update: 2025-12-06 10:02 GMT

കൊച്ചി: പീഡനപരാതിയില്‍ കാലതാമസം ബാധകമല്ലെന്ന് ഹൈക്കോടതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലാണ് കോടതിയുടെ നിലപാട്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായി എന്ന പ്രതിഭാഗം വാദം എതിര്‍ത്തു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

പരാതിക്കാരിയുടെ പേരോ സംഭവസ്ഥലമോ വ്യക്തമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇ മെയില്‍ ഐഡിയിലും പേര് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

കെപിസിസി പ്രസിഡന്റിന് പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പരാതി പോലിസിന് ഫോര്‍വേഡ് ചെയ്തതെന്നും അറസ്റ്റ് തടയാന്‍ ഈ കോടതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

23കാരിയായ പെണ്‍കുട്ടിയാണ് രാഹുലിനെതിരേ ബലാല്‍സംഗ പരാതി നല്‍കിയത്. കെപിസിസിക്ക് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. പരാതി കെപിസിസി പോലിസിന് കൈമാറുകയായിരുന്നു. നേരത്തെ, നിയമപരമായി മുന്നോട്ട് പോവാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി പിന്നീട് പരാതി നല്‍കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആദ്യകേസ് വന്നതിനെതുടര്‍ന്നാണ് പരാതി നല്‍കാന്‍ പെണ്‍ക്കുട്ടി തയ്യാറായത്.

Tags: