മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി: പിസി ജോര്‍ജിനെതിരെ പോലിസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസ്

Update: 2022-07-05 15:36 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് പിസി ജോര്‍ജിനെതിരെ പോലിസ് കേസെടുത്തു. കൈരളി ന്യൂസിന്റെ തിരുവനന്തപുരം റിപോര്‍ട്ടര്‍ എസ് ഷീജയുടെ പരാതിയില്‍ മ്യൂസിയം പോലിസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസ്.മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. പീഡന പരാതിയില്‍ അറസ്റ്റ് ചെയ്തതിന് ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്.

അതേസമയം, പിസി ജോര്‍ജ് പ്രതിയായ പീഡനകേസില്‍ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ ഇടപെട്ടെന്ന പരാതിയുമായി പരാതിക്കാരി രംഗത്തെത്തി. കമാല്‍ പാഷയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് പരാതിക്കാരി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കോടതി ജീവനക്കാരെ അടക്കം സ്വാധീനിക്കാന്‍ പിസി ജോര്‍ജ് ശ്രമിച്ചു, പിസി ജോര്‍ജിന് കേസില്‍ ജാമ്യം ലഭിച്ച ശേഷം ചില മാധ്യമങ്ങളിലൂടെ കമാല്‍ പാഷ നടത്തിയ പ്രതികരണങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളാണെന്നും പരാതിക്കാരി ആരോപിച്ചു. 

Tags:    

Similar News