കാപ്പ ചുമത്തിയ പ്രതിക്ക് മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്ക്

Update: 2021-04-30 09:21 GMT

അരീക്കോട്: അരീക്കോട് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പൂവത്തിക്കല്‍  പൂളക്കച്ചാലില്‍ അബ്ദുള്‍ അസീസിന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) 15ാം വകുപ്പ് പ്രകാരമാണ് മലപ്പുറം പോലിസ് ഒരു വര്‍ഷത്തെ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്.

അരീക്കോട് പോലിസ് സ്റ്റേഷന്‍ റിപോര്‍ട്ട് പ്രകാരം തൃശ്ശൂര്‍ മേഖലാ ഡെപ്യൂട്ടി പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ. അക്ബര്‍ ഐപിഎസ്സാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അരീക്കോട്, മഞ്ചേരി, കൊണ്ടോട്ടി, വാഴക്കാട് സ്റ്റേഷനുകളിലായി കളവ്, ലഹരികടത്ത്, ലഹരിവസ്തുക്കള്‍ കൈവശംവയ്ക്കല്‍ എന്നിങ്ങനെയായി നിരവധി കേസ്സുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും നിരവധിപേര്‍ക്കെതിരെ കാപ്പ നിയമം നടപ്പിലാക്കാന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ പോലിസ് മേധാവി സുജിത് ദാസ് എസ് ഐപിഎസ് അറിയിച്ചു.

പ്രതിക്കെതിരേയുള്ള ഉത്തരവ് അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ഉമേഷിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്.

പ്രതി അസീസ് ഒരു വര്‍ഷത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും പ്രവേശിക്കണമെങ്കില്‍ ജില്ലാ പോലിസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്നും മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ അരീക്കോട് പോലിസ് സ്റ്റേഷനിലോ ( 0483285022 , 9497980680 ) ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസിലോ ( 04832734993 ) അറിയിക്കണമെന്നും അരീക്കോട് ഇന്‍സ്‌പെക്ടര്‍ ഉമേഷ് എ പറഞ്ഞു.