കുടുംബശ്രീ നിര്‍മിച്ച ദേശീയ പതാകയില്‍ അപാകത; ഒരുലക്ഷത്തിലധികം പതാകകള്‍ തിരികെ വാങ്ങി

Update: 2022-08-12 12:09 GMT

ഇടുക്കി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിതരണത്തിന് നല്‍കിയ ദേശീയ പതാകകളുടെ നിര്‍മാണത്തില്‍ അപാകതയെന്ന് പരാതി. വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താനായി കുടുംബശ്രീ മിഷനാണ് പതാകകള്‍ നിര്‍മിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരുലക്ഷത്തിലധികം പതാകകള്‍ കുടുംബശ്രീ തിരികെ വാങ്ങി. ഇടുക്കി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും സ്‌കൂളുകളിലും വിതരണം ചെയ്യാന്‍ രണ്ടുലക്ഷത്തിലധികം പതാകകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്.

30 രൂപ ഈടാക്കി പതാക തയ്യാറാക്കാന്‍ കുടുംബശ്രീ യൂനിറ്റുകളെ ഏല്‍പ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 1,20,000 പതാകകളാണ് നിര്‍മിച്ചത്. ഇടുക്കി ജില്ലാ കലക്ടറേറ്റില്‍ വിതരണ ഉദ്ഘാടനവും നടത്തി. ഇതിനുശേഷമാണ് അളവിലും നിര്‍മാണത്തിലും അപാകതകള്‍ കണ്ടെത്തിയത്. പരാതി ശക്തമായതോടെ വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകള്‍ കുടുംബശ്രീ തിരികെ വാങ്ങിയിരിക്കുകയാണ്. പണവും മടക്കി നല്‍കി. അന്തര്‍സംസ്ഥാനത്ത് നിന്നെത്തിച്ച പതാകയാണ് വിതരണം ചെയ്തതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓഡിനേറ്ററോട് കലക്ടര്‍ വിശദീകരണം തേടി.

Tags:    

Similar News