തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി; പാനൂരില്‍ വടിവാള്‍ വീശി സിപിഎമ്മിന്റെ ആക്രമണം

യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി വാഹനം വെട്ടിപ്പൊളിച്ചു

Update: 2025-12-13 15:28 GMT

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കണ്ണൂര്‍ പാറാട് പാനൂരില്‍ വടിവാള്‍ വീശി സിപിഎം ആക്രമണം. യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായെത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികളെത്തിയത്. വടിവാള്‍ വീശി ആളുകള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.

പാറാട് ടൗണില്‍ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എല്‍ഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്കു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടാകുന്നത്. പോലിസ് ഇതിനിടെ ലാത്തി വീശി ഇരു പ്രവര്‍ത്തകരെയും സ്ഥലത്തു നിന്ന് നീക്കിയിരുന്നു. എന്നാല്‍ പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും വീടുകളില്‍ കടന്നുച്ചെന്ന് വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.

സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗൂണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. അധ്യാപകരും മര്‍ദിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പാനൂരിലുണ്ടായ ആക്രമണത്തിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടിയുണ്ടാകുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലാണ് അക്രമം നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Tags: