അപകീര്‍ത്തികരമായ പരാമര്‍ശം; ജസ്റ്റിസ് ഗൊഗോയിക്കെതിരേ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടിസ്

Update: 2021-12-13 10:57 GMT

ന്യൂഡല്‍ഹി: രാജ്യസഭയെക്കുറിച്ച് അപകീര്‍ത്തികരമായും നിസ്സാരവല്‍ക്കരിച്ചും അഭിപ്രായപ്രകടനം നടത്തിയ മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ രാജ്യസഭയില്‍ അവകാശലംഘന നോട്ടിസ്. തൃണമൂല്‍ എംപിമാരാണ് ജസ്റ്റിസ് ഗൊഗോയിക്കെതിരേ എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിലെ ചില പ്രയോഗത്തിനെതിരേ നോട്ടിസ് നല്‍കിയത്.

എനിക്കിഷ്ടമുള്ളപ്പോഴാണ് ഞാന്‍ രാജ്യസഭയില്‍ പോകുന്നത്- തന്റെ ആത്മകഥയെക്കുറിച്ചുള്ള എന്‍ഡിടിവി അഭിമുഖത്തില്‍ ജസ്റ്റിസ് ഗൊഗോയി പറഞ്ഞു. ജസ്റ്റിസ് ഫോര്‍ ദി ജസ്റ്റിസ് എന്നാണ് ആത്മകഥയുടെ പേര്.

ജസ്റ്റിസ് ഗൊഗോയിയുടെ പ്രസ്താവനകള്‍ രാജ്യസഭയെ അവഹേളിക്കുന്നതും അന്തസ്സിനെ ഹനിക്കുന്നതും പദവികളുടെ ലംഘനവുമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് സമര്‍പ്പിച്ച നോട്ടീസില്‍ പറയുന്നു.

'ഒന്നോ രണ്ടോ അവസരത്തില്‍ കൊവിഡ് കാരണം മെഡിക്കല്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സഭയിലെത്തില്ലെന്ന് പറഞ്ഞ് ഞാന്‍ ഒരു കത്ത് നല്‍കിയിരുന്നു എന്ന വസ്തുത നിങ്ങള്‍ അവഗണിക്കുന്നു. കഴിഞ്ഞ ശീതകാല സമ്മേളനത്തിന് അല്‍പ്പം മുമ്പ് വരെ, നിങ്ങള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധിച്ച് ഉറപ്പുവരുത്തി പാല്‍ലമെന്റില്‍പോകാം. വ്യക്തിപരമായി എനിക്ക് അവിടെ പോകാന്‍ താല്‍പ്പര്യക്കുറവുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങളുണ്ടെങ്കിലും ആരം നടപ്പാക്കുന്നില്ല. അവ പാലിക്കപ്പെടുന്നില്ല, സീറ്റിംഗ് ക്രമീകരണങ്ങളും അത്ര തൃപ്തികരമല്ല. എനിക്ക് തോന്നുമ്പോള്‍, ഞാന്‍ രാജ്യത്തിലേക്ക് പോകും. പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉണ്ടെന്ന് തോന്നുമ്പോള്‍, ഞാന്‍ സംസാരിക്കും. ഞാന്‍ ഒരു നോമിനേറ്റഡ് മെമ്പറാണ്, ഒരു പാര്‍ട്ടി വിപ്പും എനിക്ക് മുകളിലില്ല. അതിനാല്‍, പാര്‍ട്ടി അംഗങ്ങള്‍ക്ക് വരാനുള്ള മണി മുഴങ്ങുമ്പോള്‍ അതന്നെ ബാധിക്കില്ല. ഞാന്‍, എന്റെ ഇഷ്ടപ്രകാരം അവിടെ പോകുന്നു, എന്റെ ഇഷ്ടപ്രകാരം പുറത്തുവരുന്നു ... ഞാന്‍ ഒരു സ്വതന്ത്ര അംഗമാണ്,'- അഭിമുഖത്തില്‍ ഗൊഗോയി പറഞ്ഞു.

എന്താണ് രാജ്യസഭയില്‍ പ്രത്യേകിച്ചുള്ളത്? ഞാന്‍ ഒരു ട്രൈബ്യൂണലിന്റെ ചെയര്‍മാനായിരുന്നെങ്കില്‍ ശമ്പളത്തിന്റെ കാര്യത്തില്‍ എനിക്ക് മെച്ചമായേനെ. ഞാന്‍ രാജ്യസഭയില്‍ നിന്ന് ഒരു പൈസ പോലും വാങ്ങുന്നില്ല- അദ്ദേഹം പറഞ്ഞു.

Tags: