മുരുകനെ തമിഴ്‌ദൈവമായി പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ മതേതരസ്വഭാത്തിന് എതിര്; ഹരജി തള്ളി മദ്രാസ് ഹൈക്കോടതി

Update: 2021-02-11 07:19 GMT

മധുര: മുരുകനെ തമിഴ്‌നാടിന്റെയും തമിഴ്ഭാഷയുടെയും ഔദ്യോഗിക ദൈവമായി പ്രഖ്യാപിക്കണമെന്ന ഹരജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. ഇത്തരം പ്രഖ്യാപനം രാജ്യത്തിന്റെ മതേതരസ്വഭാവത്തിന് ഗുണകരമല്ലെന്ന് കോടതി ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ഭരണഘടയുടെ മുഖവുരയില്‍ രാജ്യത്തിന്റെ മതേതരസ്വഭാവത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം മുരുകനെ തമിഴ് ഭാഷയുടെ പ്രതിനിധിയായി കാണാന്‍ പരാതിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയുടെ മധുരബെഞ്ചിലെ ജസ്റ്റിസ് എംഎം സുന്ദരേശ്, എസ് ആനന്ദി തുടങ്ങിയവരാണ് വിധി പറഞ്ഞത്. ഹിന്ദു ദൈവങ്ങളുടെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സാഹിത്യകൃതികള്‍ ഭാഷയുടെ വികാസത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ മുരുകനെ മാത്രം ഔദ്യോഗികമായി അംഗീകരിക്കുന്നതുവഴി ഭാഷാ വികാസനത്തിനുവേണ്ടി മറ്റുള്ളവര്‍ ചെയ്ത സംഭാവനകള്‍ തമസ്‌കരിക്കുന്നതിനു തുല്യമായിരിക്കും. അത് ശരിയല്ല- കോടതി ചൂണ്ടിക്കാട്ടി.

അഭിഭാഷകനായ തിരുമുരുകനാണ് മുരുകനെ തമിഴ് ഭാഷയുടെ ഔദ്യോഗിക ദൈവമായും പ്രതിനിധിയായും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Tags: