നിഖാബ് വിവാദം: ഫസല്‍ ഗഫൂറിന് വധ ഭീഷണി

സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഗള്‍ഫില്‍നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി ഫസല്‍ ഗഫൂര്‍ നടക്കാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Update: 2019-05-04 14:32 GMT

കോഴിക്കോട്: എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചതിനു പിന്നാലെ എംഇഎസ് പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂറിന് ഫോണില്‍ വധഭീഷണി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഗള്‍ഫില്‍നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി ഫസല്‍ ഗഫൂര്‍ നടക്കാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫസല്‍ ഗഫൂറിന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു.

അതേസമയം, തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചെന്ന് കാട്ടിയും ഫസല്‍ ഗഫൂര്‍ പരാതി നല്‍കി. തനിക്ക് ഫെയ്‌സ്ബുക്ക് പേജില്ലെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കനുള്ള ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിര്‍മിച്ചതെന്നുമാണ് ഫസല്‍ഗഫൂര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ദിവസങ്ങള്‍ക്കു മുമ്പാണ് എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ നിഖാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ആധുനികതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് ഉറപ്പുവരുത്തണമെന്നും 2019-20 വര്‍ഷം മുതല്‍ നിയമം കൃത്യമായി പ്രാബല്യത്തില്‍ വരുത്തണമെന്നും അധ്യാപകരോട് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.

Tags: