മാവേലിക്കര സബ് ജയിലിലെ വിചാരണ തടവുകാരന്റെ മരണം; നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Update: 2021-02-23 05:25 GMT

തിരുവനന്തപുരം: മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ വിചാരണ തടവുകാരന്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ദശീയ മനുഷ്യാവകാശ കമ്മീഷന്‍. മരണത്തില്‍ ജയില്‍ അധികൃതര്‍ക്കു വീഴ്ചയില്ലെന്നായിരുന്നു മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസിനു സര്‍ക്കാര്‍ നല്‍കിയ മറുപടി.എന്നാല്‍ സര്‍ക്കാരിന്റെ വാദം തള്ളിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മരിച്ചയാളുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ക്രിമിനല്‍ കേസ് എടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കോട്ടയം കുമരകം മഠത്തില്‍ എം.ജെ.ജേക്കബിനെ (68) യാണ് 2019 മാര്‍ച്ച് 21ന് ജയിലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യാണെന്നായിരുന്നു പ്രാഥമിക റിപോര്‍ട്ട്. എന്നാല്‍ പോസ്റ്റു മോര്‍ട്ടം റിപേപ്പാര്‍ട്ടില്‍ കൊലപാതകമാണെന്ന സൂചന വന്നിരുന്നു. തൊണ്ടയില്‍ കുടുങ്ങിയ കര്‍ചീഫാണ്ണ് മരണമകാരണമെന്നും അസ്വഭാവിക മരണമല്ലാത്തതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.അതിനാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കരുതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.