വ്യാപാരി നേതാവ് ടി നസിറുദ്ദീന്റെ മരണം; ഇന്ന് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Update: 2022-02-11 02:13 GMT

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ (78) നിര്യാതനായ സാഹചര്യത്തില്‍ പരേതനോടുള്ള ആദരസൂചകമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് സംഘടന. അസുഖബാധിതനായി ചികിത്സയിലായിരുന്ന നസിറുദ്ദീന്‍ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. ഖബറടക്കം ഇന്ന് അഞ്ച് മണിക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും.

1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.

ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷന്‍ കമ്മിറ്റി മെമ്പര്‍, വ്യാപാരി ക്ഷേമ നിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍ ഷോപ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമ നിധി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1944 ഡിസംബര്‍ 25 ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി.കെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. 1984ല്‍ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്റ് ആയി. 1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. കേരളത്തില്‍ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ അനിഷേധ്യ നേതാവാണ് ടി. നസിറുദ്ദീന്‍.