കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് അസിസ്റ്റന്റിന്റെ മരണം: ജീവനക്കാരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് കോണ്‍ഗ്രസ്സ്
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ നേഴ്‌സിങ്ങ് അസിസ്റ്റന്റ് നടാല്‍ സ്വദേശിനി കല്ലാടന്‍ ബീന സര്‍ക്കാര്‍ സമീപനത്തിന്റെ രക്തസാക്ഷിയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ജീവനക്കാര്‍ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കൃത്യമായി ശമ്പളം നല്‍കാതെയും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയും ജീവനക്കാരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
2018ല്‍ ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം മുടങ്ങിയിരിക്കുകയാണ്. താഴേത്തട്ടിലെ ജീവനക്കാരുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ഓരോ മാസവും ശമ്പളത്തിന് സമരം ചെയ്യേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാലു വര്‍ഷമായി 12 ശതമാനം ഡിഎ യോ ആനുപാതികമായ ശമ്പള വര്‍ധനവോ ഇല്ല. പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ സംഘടനകള്‍ പല തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. യുഡിഎഫ് ഭരണ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പരിയാരം മെഡിക്കല്‍ കോളജിനോടുള്ള നിഷേധാത്മക സമീപനം തിരുത്തിയില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം ഈ വിഷയത്തില്‍ ഉണ്ടാകുമെന്നും ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പൂര്‍ണ പിന്തുണ നല്‍കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.