കര്‍ണാടക വിദ്യാര്‍ത്ഥിയുടെ മരണം; കേന്ദ്ര സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമെന്ന് കോണ്‍ഗ്രസ്

Update: 2022-03-01 17:39 GMT

ബെംഗളൂരു; കര്‍ണാടക വിദ്യാര്‍ത്ഥി യുക്രെയ്‌നില്‍ റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും സംസ്ഥാന പ്രിസിഡന്റുമായ ഡി കെ ശിവകുമാര്‍. യുക്രെയ്‌നില്‍നിന്ന് വിദ്യാര്‍ത്ഥികളടക്കമുള്ള പൗരന്മാരെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് യുക്രെയ്‌നില്‍ വച്ച് ജീവന്‍ നഷ്ടപ്പെട്ടത് വേദനാജനകമാണ്. പഠനത്തിനായി അവിടെ പോയതായിരുന്നു. ഞങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടെങ്കിലും, ആവശ്യം കൂടുതലായതിനാല്‍, നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠിക്കാന്‍ യുക്രെയ്‌നിലേക്ക് പോകുന്നു''- അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയോടെ മാത്രമാണ് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും കേന്ദ്ര മന്ത്രിമാരെ അങ്ങോട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.

യുക്രയ്‌നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും പരാജയപ്പെട്ടു. അവര്‍ ഇപ്പോഴെങ്കിലും നടപടിയെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം 'വിശ്വഗുരു' എന്നാണ് അവതരിപ്പിക്കുന്നത്. അതിനെക്കുറിച്ച് നിങ്ങള്‍ത്തന്നെ ആലോചിക്കൂ. നമ്മുടെ വിദേശനയം പൂര്‍ണ്ണമായും പരാജയപ്പെടുകയും ഇന്ത്യക്കാര്‍ക്ക് അതില്‍ വിശ്വാസം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാടുകള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. കേവലം അധരസേവനം കൊണ്ട് ലക്ഷ്യംനേടാനാവില്ല. രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.