ജപ്പാന്‍ മുന്‍പ്രധാനമന്ത്രിയുടെ മരണം; ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

Update: 2022-07-08 11:37 GMT

ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയുടെ മരണത്തില്‍ ഇന്ത്യയില്‍ ഒരു ദിവസത്തെ (ജൂലൈ 9ാം തിയ്യതി) ദുഃഖാചരണം പ്രഖ്യാപിച്ചു. അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം പ്രകടിപ്പിച്ചു. വാക്കുകള്‍ക്ക് അതീതമാണ് ആബെയുടെ നഷ്ടമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആബെ ആഗോളതലത്തില്‍ത്തന്നെയുള്ള വലിയ നേതാവാണ്. മികച്ച ഭരണാധികാരിയാണ്. തന്റെ ജീവന്‍ രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച നേതാവുമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

നാര നഗരത്തില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് ആബെക്ക് വെടിയേറ്റത്. ഏകദേശം പതിനൊന്നരയോടെയാണ് സംഭവം. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചരയോടെ മരിച്ചു.

Tags: