ഫാത്തിമ ഫിദയുടെ മരണം: എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

Update: 2024-12-17 07:36 GMT

മലപ്പുറം: മമ്പാട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമ ഫിദയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ മമ്പാട് പഞ്ചായത്ത് കമ്മിറ്റി.

കുട്ടികള്‍ക്ക് കൈത്താങ്ങ് ആവേണ്ട അധ്യാപകര്‍ തന്നെ കൊലയാളികളാകുന്ന സാഹചര്യം ഒരു കാരണവശാലും ഒരു വിദ്യാലയത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കുട്ടികളോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ചില അധ്യാപകരുടെ, കുട്ടികളോടുള്ള മനുഷ്യത്വ രഹിതമായ പെരുമാറ്റങ്ങളെക്കുറിച്ച്, നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ സംഭവത്തെ വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി കണ്ട് സമഗ്രമായി അന്വേഷണം നടത്തി കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഫാത്തിമ ഫിദയുടെ കുടുംബത്തിന് നീതി കിട്ടും വരെ പാര്‍ട്ടി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി തെരുവില്‍ ഉണ്ടാവും എന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.

എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ ടി ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി പി യൂസഫ്, ജോ സെക്രട്ടറി കെ അബ്ദുല്‍ ജലീല്‍, വൈസ് പ്രസിഡന്റ് കെ മുജീബ് റഹ്‌മാന്‍, ടി പി അഷ്‌റഫ് കെ ടി റിന്‍ഷാദ്, കെ മുഹമ്മദ് കുട്ടി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Tags: