അനന്യയുടെ മരണം; ഐഎംഎ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചു

Update: 2021-07-24 17:18 GMT

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ഐഎംഎ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും അടങ്ങുന്നതാണ് സമിതി. . റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തില്‍ സ്വമേധയാ അന്വേഷണം നടത്താന്‍ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി ടി സക്കറിയ അറിയിച്ചു.


അതിനിടെ അനന്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. ചികിത്സാ പിഴവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചി ഇടപ്പള്ളിയിലെ ഫഌറ്റില്‍ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.




Tags: