പേവിഷബാധ മരണം; സമഗ്രാന്വേഷണം വേണം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

Update: 2025-05-06 10:00 GMT

തിരുവനന്തപുരം: പേവിഷ ബാധമൂലം സംസ്ഥാനത്ത് മരണങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍വെച്ച് പന്താടരുതെന്നും വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വീഴ്ചയായതിനാല്‍ സമഗ്രാന്വേഷണം നടത്തണം. മനുഷ്യജീവന് വില കല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് പേ വിഷബാധയേറ്റ് മരിച്ചത്. വാക്സിന്‍ എടുത്തിട്ടും മരണപ്പെടുന്നു എന്നത് വളരെ ഗൗരവതരമാണ്. 2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സിന്‍ എടുത്തശേഷം 22 പേര്‍ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ കണക്ക്. ആ വര്‍ഷം ഇതുവരെ കടിയേറ്റത് ഒന്നര ലക്ഷത്തോളം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷത്തിലധികം പേര്‍ക്ക് കടിയേറ്റു. അതില്‍ 26 പേര്‍ മരണപ്പെട്ടു.

ഈ വര്‍ഷം ഇതുവരെ 14 പേരാണ് മരണപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു. 2021 ശേഷം മാത്രം തെരുവുനായ ആക്രമണത്തില്‍ നൂറിലേറെ പേരാണ് മരിച്ചത്. തെരുവുനായ്ക്കളുടെ ആക്രമണം മൂലമുണ്ടായ വാഹനാപകടങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ മരണനിരക്ക് ഇനിയും ഉയരും. കൂടാതെ തെരുവുനായ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ അടക്കം ജീവനോപാധികള്‍ നഷ്ടമായവരും നിരവധിയാണ്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ട ഗുരുതരമായ പ്രശ്നമാണ് തെരുവുനായ ശല്യം.

പേവിഷ ബാധയ്ക്കുള്ള വാക്സിനുകളുടെ ഗുണനിലവാരം അടിയന്തരമായി പുനപ്പരിശോനയ്ക്ക് വിധേയമാക്കണം. അതിലേറെ ഗൗരവമുള്ളതാണ് തെരുവുനായ്ക്കളുടെ വംശവര്‍ധന. എബിസി പദ്ധതിയ്ക്കായി കോടികള്‍ ചെലവഴിക്കുമ്പോഴും തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. എബിസി പദ്ധതി ഒരു ഗുണവുമില്ലാതെ നമ്മുടെ നികുതിപ്പണം പാഴാക്കാന്‍ മാത്രം സഹായിക്കും വിധമാണ് ഇപ്പോള്‍ നടക്കുന്നത്. അവയുടെ പ്രജനനം നിയന്ത്രിക്കാന്‍ കഴിയാത്തതും സുലഭമായി തെരുവുകളില്‍ ഭക്ഷണം ലഭിക്കുന്നു എന്നതും വംശവര്‍ധനവിന് കാരണമാവുകയാണ്. ബ്ലോക്ക്, താലൂക്ക് തലങ്ങളില്‍ തന്നെ തെരുവ് നായ്ക്കളെ പിടികൂടി പ്രജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സ്ഥിരം സംവിധാനങ്ങള്‍ വേണം. വന്ധ്യകരണത്തോടൊപ്പം പ്രതിരോധ കുത്തിവെയ്പ്പുകളും എടുക്കുന്നു എന്ന് ഉറപ്പാക്കണം. വാക്സിനും എബിസി പ്രോഗ്രാം ( അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ), എഎന്‍ഡി പ്രോഗ്രാം ( ഏര്‍ലി ന്യൂട്ടറിംഗ് ഓഫ് ഡോഗ്സ് ) തുടങ്ങിയവയെല്ലാം ചിലര്‍ക്ക് ലാഭം കൊയ്യാനുള്ള ഉപാധികളായി മാറുന്നുണ്ടോ എന്നു കൂടി പരിശോധിക്കപ്പെടണം. സര്‍ക്കാരിനും ആരോഗ്യവകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും അതിനുള്ള ഇച്ഛാശക്തിയുണ്ടാവണം. സംസ്ഥാനത്ത് തെരുവുനായകള്‍ ഇനിയൊരു ജീവനും അപഹരിക്കാന്‍ ഇടയാകാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എം ഐ ഇര്‍ഷാന ആവശ്യപ്പെട്ടു.

Tags: