നിപ ബാധിച്ച് മരണം: രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു

Update: 2021-09-05 08:39 GMT

കോഴിക്കോട് : കോഴിക്കോട് നിപ ബാധിച്ച് 12വയസ്സുകാരന്‍ മരിച്ച സാഹചര്യത്തില്‍ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. സമ്പര്‍ക്കപ്പട്ടിക നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ഇരുപതോളം പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. അവരെ കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് മാറ്റി. ആരോഗ്യവകുപ്പ് ജീവനക്കാരില്‍ ചിലരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്.

നിപ ബാധിച്ച കുട്ടിയുടെ സ്രവം എടുക്കാതിരുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

നിപ ബാധിച്ച കുട്ടി മരിക്കും മുമ്പ് മൂന്ന് ആശുപത്രികളില്‍ പോയിരുന്നു. അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനിലേക്ക് പോകാന്‍ നിര്‍ദേശിച്ചു.

നിപ കണ്ടെത്തുന്നതിനുള്ള ലാബ് സൗകര്യം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കും. ഇന്ന് മൂന്ന് മണിക്ക് സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം ചേരുന്നുണ്ട്.