ഡിഡിസി തിരഞ്ഞെടുപ്പ്: ബിജെപി ഇതര പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം കേന്ദ്രം അട്ടിമറിക്കുന്നുവെന്ന് മെഹബൂബ

Update: 2020-11-21 14:43 GMT

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി. ബിജെപി ഒഴികെയുള്ള പാര്‍ട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്ന് മെഹബൂബ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരേ പോലുള്ള അവസരം എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കുന്നില്ലെന്ന് പിഡിപിക്കു പുറമെ നാഷണല്‍ കോണ്‍ഫ്രന്‍സും പരാതിപ്പെട്ടിരുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ യാത്ര തടസ്സപ്പെടുത്തി അവരെ പലയിടങ്ങളിലായി പൂട്ടിയിടുകയാണ് ജമ്മു കശ്മീര്‍ അധികാരികള്‍ ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഇതര സര്‍ക്കാരുകളുടെ പ്രചാരണത്തെ തടസ്സപ്പെടുത്തുകയാണ്. സുരക്ഷയുടെ പേരില്‍ പിഡിപിയുടെ ബഷീര്‍ അഹമ്മദിനെ പഹാല്‍ഗമില്‍ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. പക്ഷേ, അദ്ദേഹത്തെ ഇപ്പോഴും തടവില്‍ വച്ചിരിക്കുകയാണ്- മെഹബൂബ ട്വീറ്റ് ചെയ്തു.

എല്ലാവര്‍ക്കും ഒരുപോലെ സുരക്ഷ ഒരുക്കാന്‍ സാധ്യമല്ലെന്നും അവര്‍ കൂട്ടമായി സഞ്ചരിക്കണമെന്നുമാണ് സര്‍ക്കാരിന്റെ വാദം.

സുരക്ഷയുടെ പേരില്‍ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കരുതെന്ന് നേരത്തെ ഫാറൂഖ് അബുദുല്ലയും ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ പ്രശ്‌നം കശ്മീരിന് പുതിയ കാര്യമല്ലെന്നും അതിന്റെ പേരില്‍ ജനാധിപത്യം അട്ടിമറിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News