മയക്കുമരുന്നുമാഫിയ-സിപിഎം കൂട്ടുകെട്ടിനെതിരേ തലശേരിയിൽ ഡിസിസിയുടെ ജനകീയ കൂട്ടായ്മ

Update: 2022-11-25 13:59 GMT

തലശ്ശേരി: കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിലും സിപിഎം-മയക്കുമരുന്ന് മാഫിയ ബന്ധത്തിലും പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടത്തിയ ജനകീയ കൂട്ടായ്മ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ആരുടെ കുറ്റം മൂലമാണ് കരമാര്‍ഗവും, വ്യോമമാര്‍ഗവും, കടല്‍ മാര്‍ഗവും ഇവിടെ മയക്ക് മരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞ് തന്നെയാണ് ഇവിടെയെത്തുന്നത്. കാരണം ഇതിന് പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. അവര്‍ അവിഹിത മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുകയാണ്. എസ്.എഫ്.ഐ ക്കാരനും ഡി.വൈ.എഫ്.ഐക്കാരനും മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ചങ്ങല കെട്ടുമ്പോഴും മയക്കു മരുന്ന് ലോബിക്ക് പിന്നിലെ കറുത്ത കൈകള്‍ ആരുടെതെന്ന് പൊതുജനത്തിന് നന്നായറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

മദ്യലഭ്യത കുറക്കുമെന്ന് പറഞ്ഞ് വോട്ട് തട്ടിയവര്‍ ഇപ്പോള്‍ ഇവിടെ പുതുതായി നിരവധി ബിവറേജ് ഔട്ട്‌ലെറ്റുകളും ഡിസ്റ്റിലറികളും സ്ഥാപിക്കുകയാണ്. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തെ ഈ നിലയിലാക്കിയതില്‍ നിന്ന് പിണറായി വിജയനോ ഗോവിന്ദന്‍ മാസ്റ്റര്‍ക്കോ മാറി നില്‍ക്കാനാവില്ല. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പ്രചാരണത്തിൽ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബ്രാന്‍ഡ് അംബാസഡറായിരുന്ന കെ.പി.എ.സി ലളിത ഇന്നും ജീവിച്ചിരിക്കേണ്ടതായിരുന്നു. അവര്‍ ഇപ്പോള്‍ ജീവിച്ചിരിക്കാത്തത് എല്‍.ഡി.എഫിന്റെ ഭാഗ്യമാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടി ഒരു മാസത്തെ പ്രചരണം നടത്തിയിട്ടും ഇവിടെ ഒരു പ്രയോജനവുമുണ്ടായില്ല. കേവലം ഒരു മാസത്തെ പ്രചരണം കൊണ്ട് ലഹരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഒരു ഇരട്ട ചങ്കന്‍ വിചാരിച്ചാലും നടക്കില്ല. തലശ്ശേരിയിലെ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി പാറായി ബാബു സി.പി.എം വളര്‍ത്തിയ ക്രിമിനലാണ് . ജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. നിങ്ങള്‍ പാലൂട്ടി താരാട്ട് പാടിയ ക്രിമിനലിന്റെ കൈകൊണ്ട് തന്നെയാണ് നിങ്ങളുടെ രണ്ട് സഖാക്കള്‍ കൊല്ലപ്പെട്ടത്‌.ഏത് കൊല നടത്തിയാലും അതില്‍ ഞങ്ങള്‍ക്ക്പങ്കില്ലെന്ന് സി.പി.എം വിളിച്ചു പറയുമെങ്കിലും ഏതെങ്കിലും കൊലപാതകിയെ പുറത്താക്കിയ ചരിത്രമുണ്ടോയെന്നും ഉണ്ണിത്താന്‍ ചോദിച്ചു.

കേരളത്തിന്റെ നികുതിപ്പണം കൊണ്ട് ക്രിമിനലുകളെ സംരക്ഷിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നത. കൊലപാതകികള്‍ ജയിലില്‍ പോയാല്‍ അവരുടെ വീട്ടിലെ കാര്യം നോക്കാന്‍ പാര്‍ട്ടി നേതാക്കളുണ്ട്. തലശ്ശേരിയില്‍ നടന്ന ഇരട്ട കൊലപാതകം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒരു കൊലപാതകമാണ്.ഇവിടുത്ത ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചാല്‍ ഇതിന് പിന്നിലെ ഗുഢാലോചനയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താന്‍ സാധിക്കില്ല. അതിനാല്‍ ഇതിന്റെ പിന്നിലെ  യഥാര്‍ത്ഥ പ്രതികളെ കൂടി വെളിച്ചത്ത് കൊണ്ട് വരണം. കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ മെഴുകുതിരി തെളിയിച്ചും ചങ്ങലകെട്ടിയിട്ടൊന്നും കാര്യമില്ല. ലഹരിമാഫിയകളുമായുള്ള അവിശുദ്ധ കൂട്ടു കെട്ടിലാരെല്ലാമാണെന്ന് കണ്ടെത്തണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.

വി.എ.നാരായണൻ ,സജീവ് മാറോളി ,ചന്ദ്രൻ തില്ലങ്കേരി,എം പി അരവിന്ദാക്ഷൻ ,വി സി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.വി.എൻ.ജയരാജ് ,വി.രാധാകൃഷ്ണൻ മാസ്റ്റർ , കെ.പി.സാജു,രജനി രമാനന്ദ്,

വി.വി.പുരുഷോത്തമൻ ,റിജിൽ മാക്കുറ്റി , സുരേഷ് ബാബു എളയാവൂർ,റഷീദ് കവ്വായി ,മാധവൻ മാസ്റ്റർ ,ടി ജയകൃഷ്ണൻ , പി.സി.രാമകൃഷ്ണൻ ,ഹരിദാസ് മൊകേരി,എം.പി.അസ്സൈനാർ,സന്തോഷ് കണ്ണമ്പള്ളി ,കണ്ടോത്ത് ഗോപി , കെ സി ഗണേശൻ തുടങ്ങിയവർ സംബന്ധിച്ചു.