ഇതര മതസ്ഥയായ യുവതിയുടെ കൂടെ യാത്ര ചെയ്തതിനു മര്‍ദനം: ദിവസങ്ങള്‍ക്കുള്ളില്‍ മതപരിവര്‍ത്തന കേസില്‍ അറസ്റ്റിലായി മുസ്‌ലിം യുവാവ്

ഹിന്ദു യുവതിയുടെ കൂടെ യാത്ര ചെയ്യുകയായിരുന്ന ആസിഫിനെ ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍- ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ വച്ച് മര്‍ദിക്കുകയും പോലിസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴക്കുകയും ചെയ്തു.

Update: 2022-01-27 10:00 GMT

ഭോപ്പാല്‍: ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്യവെ മധ്യപ്രദേശില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായ മുസ്‌ലിം യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൂടെ യാത്ര ചെയ്തിരുന്ന യുവതിയുടെ പരാതിയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുത്താണ് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തത്.

ആസിഫ് ഷെയ്ഖ് എന്ന യുവാവിനാണ് ജനുവരി 14ന് ഉജ്ജയിന്‍ റെയില്‍വേ സ്റ്റേഷനില്‍ ഹിന്ദുത്വരുടെ മര്‍ദനമേറ്റത്. ഹിന്ദു യുവതിയുടെ കൂടെ യാത്ര ചെയ്യുകയായിരുന്ന ആസിഫിനെ ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍- ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ വച്ച് മര്‍ദിക്കുകയും പോലിസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. ആസിഫിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തു.

മിശ്രവിവാഹിതരാണെന്നും ദമ്പതികളാണെന്നും അറിയിച്ചിട്ടും അന്ന് മര്‍ദനം അവസാനിപ്പിക്കാന്‍ ആക്രമികള്‍ തയ്യാറായില്ല. തുടര്‍ന്ന് പോലിസ് അന്വേഷണത്തില്‍ ഇവര്‍ വിവാഹിതരാണെന്ന് കണ്ടെത്തിയതോടെ ഇരുവരെയും വെറുതേ വിട്ടു. അതേസമയം, ആസിഫിനെ മര്‍ദിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരേ യാതൊരു നടപടിയും പോലിസ് സ്വീകരിച്ചിരുന്നില്ല.

മാതാപിതാക്കളെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇരുവരെയും വിട്ടയച്ചതെന്ന് ഉജ്ജയിന്‍ ജിആര്‍പി പോലിസ് സൂപ്രണ്ട് നിവേദിത ഗുപ്ത അറിയിച്ചു. കഴിഞ്ഞദിവസമാണ് യുവതിയുടെ പരാതിയില്‍ ആസിഫിനെതിരേ കേസെടുത്തതും അറസ്റ്റ് ചെയ്തതും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും പണം തട്ടാന്‍ ശ്രമിച്ചതിനും ഇന്‍ഡോര്‍ പോലിസ് ഇപ്പോള്‍ ആസിഫ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതിയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മോവ് പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അരുണ്‍ സോളങ്കി പറയുന്നതനുസരിച്ച്, ആസിഫ് തന്റെ ഭര്‍ത്താവിന്റെ സുഹൃത്താണെന്നും മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം.

Tags:    

Similar News