'സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം അഞ്ചാക്കണം'; ഈ മാസം അഞ്ചിന് യോഗം

Update: 2025-12-01 08:21 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം കുറയ്ക്കുന്നതില്‍ യോഗം വിളിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി സര്‍വീസ് സംഘടന നേതാക്കളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച സര്‍വീസ് സംഘടനകളുടെ യോഗം ഈ മാസം അഞ്ചിനു നടക്കും.

പ്രവൃത്തിദിനങ്ങള്‍ അഞ്ചായി കുറച്ച് സമയം കൂട്ടാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരമായി നിലവിലെ പ്രവൃത്തി സമയം വര്‍ധിപ്പിക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ രണ്ടുദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചന നടക്കുന്നത്. മുന്‍പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന ആലോചനയുണ്ടായിരുന്നു.

നിലവില്‍ ഏഴു മണിക്കൂറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ അഞ്ചുവരെയുമാണ് പ്രവൃത്തി സമയം. ഇത് മാറ്റുകയാണെങ്കില്‍ 10.15നു തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ 9.30നോ ആരംഭിക്കുകയും വൈകുന്നേരം 5.30 അല്ലെങ്കില്‍ 5.45 വരെയാക്കുകയും വേണ്ടി വരും.

Tags: