അഡ്‌ലെയ്ഡില്‍ റെക്കോഡുകള്‍ വാരിക്കൂട്ടി വാര്‍ണര്‍

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണര്‍ 335 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്.

Update: 2019-11-30 10:52 GMT

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പാകിസ്താനെതിരേ ട്രിപ്പിള്‍ സെഞ്ചുറി നേടിയപ്പോള്‍ പിറന്നത് ടെസ്റ്റ് ക്രിക്കറ്റിലെ നിരവധി റെക്കോഡുകള്‍. പാകിസ്താനെതിരായ രണ്ടാം പിങ്ക് ബോള്‍ ടെസ്റ്റിലാണ് വാര്‍ണര്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയതും ഇതിഹാസ താരം സാക്ഷല്‍ ഡോണ്‍ ബ്രാഡ്മാന്റേതടക്കം നിരവധി റെക്കോഡുകള്‍ പഴംങ്കഥയായതും. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണര്‍ 335 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. അഡ്‌ലെയ്ഡ് ഓവലില്‍ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് വാര്‍ണര്‍ നേടിയത്. ഈ ഗ്രൗണ്ടില്‍ ബ്രാഡ്മാന്റെ പേരിലുള്ള 299 റണ്‍സാണ് ഇന്ന് പഴംങ്കഥയായത്. 1932ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ബ്രാഡ്മാന്‍ 299 റണ്‍സ് നേടിയത്. സെഞ്ചുറി നേട്ടത്തോടെ പിങ്ക് ബോള്‍ ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗതാ സ്‌കോറും വാര്‍ണറുടെ പേരിലായി.418 പന്തിലാണ് വാര്‍ണര്‍ 335 റണ്‍സ് നേടിയത്. 39 ബൗണ്ടറികള്‍ അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. അഡ്‌ലെയ്ഡില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോഡും വാര്‍ണര്‍ സ്വന്തമാക്കി. വാര്‍ണര്‍ക്കൊപ്പം ലബ്യൂഷെയ്‌നും സെഞ്ചുറി നേടി. ഇരുവരും 361 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഓസിസിന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോഡും ഇന്ന് പിറന്നു. ഇന്ന് കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സെടുത്ത് ഓസിസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബ്രിസ്ബണിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കായിരുന്നു ജയം.

Tags:    

Similar News