ലഖ്‌നോ: യുപിയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ 52 മന്ത്രിമാരില്‍ ഒരു മുസ് ലിം മുഖം മാത്രമാണുള്ളത്. നേരത്ത മന്ത്രിസഭയില്‍ അംഗമായിരുന്ന മുഹ്‌സിന്‍ റാസയ്ക്കു പകരമെത്തിയ ഡാനിഷ് ആസാദ് അന്‍സാരി. നിലവില്‍ യുപി സര്‍ക്കാരില്‍ ഉറുദു ഭാഷാ കമ്മിറ്റിയില്‍ അംഗമാണ് അദ്ദേഹം.
ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ്. നേരത്തെ ലഖ്‌നോ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി നേതാവായിരുന്നു. ആര്‍എസ്എസിന്റെ വിവിധ കമ്മിറ്റികളില്‍ അംഗമാണ്. 2017ലാണ് ബിജെപി അദ്ദേഹത്തെ ഭാഷാകമ്മിറ്റിയില്‍ അംഗമാക്കുന്നത്.
ന്യൂനപക്ഷ സംഘടനകളുമായും കേന്ദ്രനേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് അന്‍സാരിയെ തുണച്ചത്.
യുപിയിലെ യോഗി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസവും ക്ഷേമവും ഉറപ്പു വരുത്തുന്നതില്‍ പ്രതിജ്ഞാബന്ധമാണെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ തവണ മന്ത്രിസഭയിലുണ്ടായിരുന്ന പലരെയും ഇത്തവണ ഒഴിവാക്കി. ശ്രീകാന്ത് ശര്‍മ, സതീഷ് മഹാന, മഹീന്ദര്‍ സിങ്, സിദ്ധാര്‍ത്ഥ് നാഥ്, നീല്‍കാന്ത് തിവാരി, മുഹ്‌സിന്‍ റാസ എന്നിവരാന്ന് ഒഴിവാക്കപ്പെട്ടവരില്‍ പ്രധാനികള്‍. ഇത്തവണ 52 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. എകെ ശര്‍മ, ബേബി റാണി മൗര്യ, ബ്രിജേഷ് പഥക്, ജിതിന്‍ പ്രസാദ, അസിം അരുണ്‍, സ്വതന്ത്ര ദേവ് സിങ്ങ്, ദിനേഷ് കാഥിക്, സന്ദീപ് സിങ്, അരുണ്‍ വാല്മീകി, ആഷിഷ് പട്ടേല്‍, സഞ്ജയ് നിഷാദ് തുടങ്ങിയവരാണ് മന്ത്രിമാരായി സ്ഥാനമേറ്റവര്‍.
403 അംഗ നിയമസഭയില്‍ 273 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് രണ്ടാം യോഗി മന്ത്രി സഭ. പതിനഞ്ച് മുതല്‍ ഇരുപത് വരെ പുതുമുഖ മന്ത്രിമാര്‍ രണ്ടാം യോഗി സര്‍ക്കാരിന്റെ ഭാഗമാകും.
ഇത് രണ്ടാം തവണയാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവുന്നത്.
