മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത് അപലപനീയം: ദമ്മാം മീഡിയ ഫോറം

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടയുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്ന നിയമപാലകര്‍ 7 മണിക്കൂറിലേറെ നേരം കസ്റ്റഡിയില്‍ വച്ച ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചത്.

Update: 2019-12-21 07:25 GMT

ദമ്മാം: മംഗളൂരുവില്‍ റിപോര്‍ട്ടിങിന് പോയ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് നടപടിയെ ദമ്മാം മീഡിയ ഫോറം അപലപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടയുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്ന നിയമപാലകര്‍ 7 മണിക്കൂറിലേറെ നേരം കസ്റ്റഡിയില്‍ വച്ച ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചത്. വസ്തുതകള്‍ റിപോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള നടപടിയാണ് ഇത്.

പൗരത്വ ബില്ലിനെതിരെ ശക്തിപ്രാപിക്കുന്ന ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ ചെറുത്തുനില്‍പ് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ മാധ്യമങ്ങളെ ഭയപ്പെടുത്തി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കുടില തന്ത്രങ്ങള്‍ മംഗളൂരു പോലീസിലൂടെ കേന്ദ്ര ആഭ്യന്തരവകുപ്പ് പരീക്ഷിക്കുകയാണെന്നും മീഡിയ ഫോറം ആരോപിച്ചു.

അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കും വിധമാണ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകാരോട് മംഗളുരു പൊലീസ് പെരുമാറിയത്. വസ്തുതകള്‍ വെളിച്ചെത്തു കൊണ്ടുവരുന്നവരെ തടഞ്ഞു വെച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനുള്ള ശ്രമം അസഹിഷ്ണുതയുടെയും അധികാര ഹുങ്കിന്റെയും പ്രതിഫലനമാണ്. ഇഷ്ടപ്പെടാത്ത വാര്‍ത്ത ചെയ്താല്‍ ചെയ്തയാളെ ഉന്‍മൂലനം ചെയ്യുന്ന തെറ്റായ പ്രവണത വര്‍ത്തമാന ഇന്ത്യയില്‍ വളരുകയാണ്. ജീവന്‍ പോലും അപകടപ്പെടുത്തി വാര്‍ത്തകള്‍ ശേഖരിക്കേണ്ട സാഹചര്യം രൂപപ്പെട്ടുവരികയാണെന്നും വിയോജിപ്പുകളോട് ജനാധിപത്യപരമായി പ്രതികരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് അധികാരികള്‍ മാറേണ്ടതുണ്ടെന്നും ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് ചെറിയാന്‍ കിടങ്ങന്നൂര്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത് എന്നിവര്‍ പ്രതിഷേധക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News