ദമന്‍, ദിയുവിനെയും ദാദ്ര, നഗര്‍ ഹവേലിയെയും സംയോജിപ്പിക്കുന്നു

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചശേഷം 9 കേന്ദ്ര ഭരണപ്രദേങ്ങളാണ് ഇന്ത്യയിലുള്ളത്. ബില്ല് പാസാവുകയാണെങ്കില്‍ കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം എട്ടാവും.

Update: 2019-11-22 17:43 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയതിനു പിന്നാലെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒന്നാക്കാന്‍ പുതിയ ബില്ല് ഒരുങ്ങുന്നു. കേന്ദ്ര ഭരണപ്രദേശങ്ങളായ ദമന്‍, ദിയുവിനെയും ദാദ്ര നഗര്‍ ഹവേലിയെയുമാണ് പരസ്പരം സംയോജിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ബില്ല് അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി അര്‍ജുന്‍ മെഖ്‌വാല്‍ അറിയിച്ചതാണ് ഇക്കാര്യം.

മൂന്നു മാസം മുമ്പാണ് കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചത്.

ദാദ്ര-നഗര്‍ ഹവേലി, ദാമന്‍-ദിയു(കേന്ദ്ര ഭരണപ്രദേശങ്ങളുടെ സംയോജനം) ബില്ല് 2019 അടുത്ത ആഴ്ച പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് അര്‍ജുന്‍ മെഖ്‌വാല്‍ പറഞ്ഞു.

ഗുജറാത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന തീരപ്രദേശമായ ഈ പ്രദേശങ്ങളുടെ ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ 35 കിലോമീറ്റര്‍ മാത്രം അകലത്തില്‍ കിടക്കുന്ന ഈ രണ്ട് പ്രദേശങ്ങള്‍ക്കും പ്രത്യേക ബജറ്റും പ്രത്യേക സെക്രട്ടേറിയറ്റും പ്രവര്‍ത്തിച്ചുവരുന്നു. ദാദ്ര-നഗര്‍ ഹവേലിയില്‍ ഒരു ജില്ല മാത്രമേയുള്ളു. ദാമന്‍-ദിയുവില്‍ രണ്ട് ജില്ലകളുമുണ്ട്.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചശേഷം 9 കേന്ദ്ര ഭരണപ്രദേങ്ങളാണ് ഇന്ത്യയിലുള്ളത്. ബില്ല് പാസാവുകയാണെങ്കില്‍ കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം എട്ടാവും.




Tags: