ഓണക്കിറ്റിലേക്കുള്ള ഏലം ശേഖരിച്ചത് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന്; നിലവാരക്കുറവ് പരിശോധിക്കുമെന്നും മന്ത്രി ജിആര്‍ അനില്‍

സംസ്ഥാനത്ത് ഇതിനോടകം 71 ലക്ഷം പേര്‍ക്ക് കിറ്റുകള്‍ നല്‍കി. നേരിട്ട് കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഇതില്‍ ഉള്‍പ്പെടുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു

Update: 2021-08-21 07:25 GMT

തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന ആരോപണത്തിന് മറുപടിയുമായി പൊതു വിതരണ മന്ത്രി ജി ആര്‍ അനില്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് യാതൊരു പങ്കുമില്ലാതെ കണ്‍സ്യൂമര്‍ഫെഡ് വഴി സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും നേരിട്ടാണ് ഏലം ശേഖരിച്ചത്. കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന ആരോപണങ്ങള്‍ തള്ളിക്കളയേണ്ടതാണ്. എന്നാല്‍, ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അത് പരിശോധിക്കും. സംസ്ഥാനത്ത് ഇതിനോടകം 71 ലക്ഷം പേര്‍ക്ക് കിറ്റുകള്‍ നല്‍കി. നേരിട്ട് കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഇതില്‍ ഉള്‍പ്പെടുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ ഒണക്കിറ്റില്‍ നല്‍കിയത് ഗുണ നിലവാരമില്ലാത്ത ഏലമാണെന്നും തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.

Tags: