യുപിയില്‍ ദലിത് യുവാവിനെ ജനമധ്യത്തില്‍ തല്ലിച്ചതച്ചു; ഒരാളെ അറസ്റ്റ് ചെയ്തു
ലഖ്‌നോ: യുപിയില്‍ 20 വയസ്സുള്ള ദലിത് യുവാവിനെ ഒരു സംഘം അക്രമികള്‍ ജനമധ്യത്തില്‍ തല്ലിച്ചതച്ചു. യുവാവിന്റെ തലയിലും കയ്യിലും വടിയുപയോഗിച്ച് തല്ലുകയും ജനങ്ങള്‍ നോക്കിനില്‍ക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുപിയിലെ കാന്‍പൂരിലാണ് സംഭവം. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു.
കാന്‍പൂര്‍ അക്ബര്‍പൂരില്‍ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. പ്രത്യേകം രൂപീകരിച്ച പോലിസ് സംഘത്തിനാണ് അന്വേഷണച്ചുമതല
മര്‍ദ്ദിക്കുന്നതിനിടയില്‍ അക്രമികള്‍ യുവാവിന്റെ ജാതി ചോദിക്കുന്നുണ്ട്. യുവാവ് ഒരു പ്രത്യേക ജാതിയില്‍ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെ മര്‍ദ്ദനം വര്‍ധിച്ചു. യുവാവ് വേദനകൊണ്ട് കരയുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
വീഡിയോ പുറത്തെത്തിയതോടെയാണ് സംഭവത്തില്‍ പോലിസ് ഇടപെട്ടത്. മര്‍ദ്ദിച്ചവരുടെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതായി പോലിസ് പറയുന്നു.
താമസിയാതെ എല്ലാവരും അറസ്റ്റിലാവുമെന്ന് അഡി. എസ്പി ഘനശ്യാം ചൗരസ്യ പറഞ്ഞു.
പുറത്തുവന്ന ഇതേ സംഭവത്തിന്റെ മറ്റൊരു വീഡിയോയില്‍ യുവാവിന്റെ ഷര്‍ട്ട് വലിച്ചുകീറി അരക്കുമുകളില്‍ വിവസ്ത്രനാക്കി മരത്തിനോട് ചേര്‍ത്ത് നിര്‍ത്തി കൈകള്‍ ബന്ധിച്ച് ശേഷമാണ് മര്‍ദ്ദിക്കുന്നത്. സ്വകാര്യഭാഗത്തും മര്‍ദ്ദിക്കുന്നുണ്ട്.
യുവാവിനെ കാന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
