പ്രണയത്തിന്റെ പേരില്‍ ദലിത് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ദേശീയ പട്ടികജാതി കമ്മീഷന്‍ യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസ് അയച്ചു

Update: 2021-07-11 04:23 GMT

ന്യൂഡല്‍ഹി: ദലിത് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്കും സംസ്ഥാന ഡിജിപിക്കും നോട്ടിസ് അയച്ചു. യുപിയിലെ കാണ്‍പൂരില്‍ സര്‍വാന്‍ ഖേദ പ്രദേശത്താണ് കഴിഞ്ഞ ദിവസം ദലിത് യുവാവിനെ ഏതാനും പേര്‍ ചേര്‍ത്ത് പൊതുജനമധ്യത്തില്‍ മര്‍ദ്ദിച്ചത്. സംഭവം ആരോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലിട്ടതോടെയാണ് പോലിസ് ഇടപെട്ടത്.

സമാനമായ നോട്ടിസ് ജില്ലാ മജിസ്‌ട്രേറ്എറിനും അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് ഫാക്‌സ് വഴിയോ ഇമെയില്‍ വഴിയോ അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ അയയ്ക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

പ്രണയത്തിന്റെ പേരില്‍ ദലിത് യുവാവിനെ മരത്തില്‍കെട്ടിയിട്ട് ഒരു സ്ത്രീയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് അറിയാന്‍ കഴിഞ്ഞതായും കമ്മീഷന്‍ നോട്ടിസില്‍ പറയുന്നു.

അക്രമികള്‍ യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ ഒരു വടി കുത്തിയിറക്കുകയും ചെയ്തിരുന്നു. ജൂണ്‍ 7ാം തിയ്യതിയാണ് സംഭവം നടന്നത്. ജൂണ്‍ 9നാണ് സംഭവം പുറത്തറിഞ്ഞത്.

കമ്മീഷന്‍ ചെയര്‍മാന്‍ വിജയ് സാംപഌയാണ് യുപി സര്‍ക്കാരിന് നോട്ടിസ് അയച്ചിരിക്കുന്നത്.

ഇരയാക്കപ്പെട്ട ദലിത് യുവാവിന് നീതിയുറപ്പാക്കണമെന്നും കമ്മീഷന്റെ കത്തില്‍ ആവശ്യപ്പെട്ടു.

റിപോര്‍ട്ട് സമയത്തിനുള്ളില്‍ ഹാജരാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അനുച്ഛേദം 338 അനുസരിച്ച് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തുമെന്നും കമ്മീഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.