ലഖിംപൂര്‍ഖേരി: യുപിയിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ദലിത് സഹോദരിമാരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തത്. നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
സുഹൈല്‍, ജുനൈദ്, ഹഫീസുല്‍ റഹ്മാന്‍, കരിമുദ്ദീന്‍, ആരിഫ് എന്നിവരാണ് കൊലപാതകത്തിന് അറസ്റ്റിലായത്. ഇവര്‍ക്ക് പെണ്‍കുട്ടികളെ പരിചയപ്പെടുത്തിയ ആറാമത്തെ ആളായ ഛോട്ടുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികളെ കരിമ്പിന് തോട്ടത്തിലേക്ക് കൊണ്ടുപോയി സുഹൈല്‍, ജുനൈദ്, ഹഫീസുല്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ജില്ലാ പോലിസ് മേധാവി സഞ്ജീവ് സുമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'പെണ്‍കുട്ടികള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ പ്രതികള്‍ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാന്‍ അവര്‍ മൃതദേഹങ്ങള്‍ മരത്തില്‍ തൂക്കി,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതല്ല, ബൈക്കില്‍ പുരുഷന്‍മാര്‍ക്കൊപ്പം ഇഷ്ടത്തോടെയാണ് പോയതെന്ന് പോലിസ് അവകാശപ്പെട്ടു. സഹോദരിമാര്‍ സുഹൈലും ജുനൈദുമായി സൗഹൃദത്തിലായിരുന്നുവത്രെ. പ്രതികളെല്ലാവരും അയല്‍ഗ്രാമത്തിലുള്ളവരാണ്.
ലഖിംപൂര്‍ ഖേരി ജില്ലയിലെ നിഘസന്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ലാല്‍പൂര്‍ മജ്‌ര തമോലി ഗ്രാമത്തിലെ മരത്തില്‍ ഇന്നലെ വൈകീട്ടാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികള്‍ തന്റെ മകളെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്.
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞപ്പോള്‍ പ്രതികള്‍ തന്നെ മര്‍ദ്ദിച്ചതായും മാതാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയശേഷം കുടുംബവും പ്രദേശവാസികളും തിരച്ചില്‍നടത്തിയിരുന്നു. തുടര്‍ന്നാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി ആശുത്രിയിലേക്ക് മാറ്റി. സ്വന്തം ദുപ്പട്ടയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെന്നും മറ്റ് മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നും ഐജി ലക്ഷ്മി സിങ് പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
സംഭവത്തിനുശേഷം പ്രദേശവാസികളും കുടുംബവും വഴി തടഞ്ഞിരുന്നു. റോഡിലെ തടസ്സം മാറ്റാന്‍ ആവശ്യപ്പെട്ട ജില്ലാ പോലിസ് മേധാവി സന്‍ജീവ് സുമനുമായി പ്രതിഷേധക്കാര്‍ വാക്ക് തര്‍ക്കം നടത്തി.
2014ല്‍ ബദോനിലും രണ്ട് സഹോദരിമാര്‍ സമാനമായ രീതിയില്‍ കൊലചെയ്യപ്പെട്ടിരുന്നു.
കൊലപാതകം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യോഗി സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ്സും എസ് പിയും രംഗത്തുവന്നു.

