യുപിയില്‍ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍പാളത്തില്‍; പോലിസ് തെളിവുകള്‍ നശിപ്പിച്ചതായി കുടുംബം
ബുഡൗണ്‍: യുപിയിലെ ബുഡൗണ്‍ ജില്ലയില്‍ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. ബുഡൗണ്‍ ജില്ലയിലെ ഫെയ്‌സ്ഗഞ്ച് ബെഹത പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയാതാണെന്ന് കുടുംബം ആരോപിച്ചു.
പോലിസ് നല്‍കുന്ന വിവരമനുസരിച്ച് 15 വയസ്സായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
റെയില്‍വേ പാളത്തില്‍നിന്ന് തങ്ങളെ അറിയിക്കാതെയാണ് പോലിസ് മൃതദേഹം എടുത്തുമാറ്റിയതെന്നും മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയ ശേഷമാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.
തങ്ങളുടെ മകള്‍ക്ക് അപകടം നടന്നെന്നും മൃതദേഹം തിരിച്ചറിയുന്നതിനുവേണ്ടിയാണ് വിളിച്ചതെന്നുമാണ് പോലിസ് കുടുംബത്തെ അറിയിച്ചത്.
സംഭവം നടന്ന സ്ഥലം പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ്. സംഭവസ്ഥലത്തുനിന്ന് പോലിസ് എല്ലാ തെളിവുകളും നശിപ്പിച്ചതായും കുടുംബത്തിന് സംശയമുണ്ട്.
പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് എസ്പി ഒ പി സിങ് കുടുംബത്തിന് ഉറപ്പുനല്‍കി.