കൊവിഡ്: ദാദാബായ് ട്രാവല്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു

Update: 2021-09-13 17:01 GMT

ജിദ്ദ: കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ദാദാബായ് ട്രാവലിന്റെ നേതൃത്വത്തില്‍ നടത്തിയ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് സര്‍വ്വീസുകളുടെ എണ്ണം ഇരുന്നൂറ് പിന്നിടുന്ന വേളയില്‍ ഇതിനു സഹായിച്ച വിവിധ മേഖലകളില്‍ ഉള്ളവരെ ആദരിച്ചു. ജിദ്ദ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍, ട്രാവല്‍ ഏജന്‍സികള്‍, വിവിധ എയര്‍ ലൈന്‍ കമ്പനികള്‍ എന്നിവരെയാണ് ആദരിച്ചത്. പരിപാടിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ഹെഡ് മാലതി ഗുപ്ത മുഖ്യ അതിഥിയായിരുന്നു. 

സൗദി അറേബ്യന്‍ എയര്‍ലൈന്‍ ജനറല്‍ മാനേജര്‍ ശമീര് അല്‍ മുസൈബ് അലി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 14 മുതലാണ് ഇന്ത്യ-സൗദി റഗുലര്‍ വിമാന സര്‍വ്വീസുകള്‍ നിശ്ചലമായത്. അതിനുശേഷം ഇതുവരെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ വന്ദേഭാരത് വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ഇത്തരത്തില്‍ 215 ഓളം ചാര്‍ട്ടേഡ് വിമാന സര്‍വ്വീസുകളാണ് ദാദാബായ് ട്രാവലിനു കീഴില്‍ മാത്രം നടത്തിയത്. ഇതുവഴി പത്തോളം സ്ട്രക്ച്ചര്‍ കേസുകളുള്‍പ്പെടെ 55,000 ത്തിലധികം ഇന്ത്യന്‍ പ്രാവാസികളെ നാട്ടിലേക്കെത്തിക്കാന്‍ സാധിച്ചു. കൂടാതെ രോഗികള്‍ക്കും സാമ്പത്തിക പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്കുമായി നിരവധി സൗജന്യ ടിക്കറ്റുകളും അനുവദിച്ചതായി ദാദാബായ് ട്രാവല്‍സിന്റെ കണ്ട്രി ഹെഡ് ഹാരിസ് ഷംസുദ്ദീന്‍ അറിയിച്ചു. ചാര്‍ട്ടേഡ് വിമാന സര്‍വ്വീസുകളുടെ എണ്ണം 200 കവിഞ്ഞതിന്റെ ആഘോഷത്തിനായി ദാദാബായ് ട്രാവല്‍സ് ജിദ്ദയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൗദിയ എയര്‍ലൈന്‍സ് മേധാവികളും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും പങ്കെടുത്തു. സൗദിയ എയര്‍ലൈന്‍സുമായി സഹകരിച്ചാണ് 175ലധികം സര്‍വ്വീസുകള്‍ നടത്തിയത്. 

ദാദാബായിയുടെ സേവനം മികവുറ്റതാണെന്നും അതിനായി പ്രവര്ത്തിച്ച ദാദാബായിയുടെ മുഴുന്‍ ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും ചടങ്ങില്‍ സംസാരിച്ച സൗദിയ എയര്‍ലൈന്‍സ് ജനറല്‍ മാനേജര്‍ സമീര്‍ അല്‍ മുസൈബ് അലി പറഞ്ഞു. ദാദാബായ് ജിദ്ദ മാനേജര്‍ മുഹമ്മദ് അബൂബക്കര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു. ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. 

Tags:    

Similar News