ഡി എ സന്ദേശ വിവാദം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയെന്ന ആരോപണത്തില്‍ സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാര്‍ക്കില്‍ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഭരണനിര്‍വ്വഹണം സുഗമമാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് അറിയിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും കോടതി ചോദിച്ചു. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും കോടതി നിരീക്ഷിച്ചു.
സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അനില്‍കുമാര്‍ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നല്‍കിയത് ചൂണ്ടികാട്ടി മെസേജുകള്‍ അയക്കുന്നുവെന്നും ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.