വോട്ടര്‍പട്ടികയില്‍ പൗരത്വം സംശയാസ്പദമെന്ന് രേഖപ്പെടുത്തിയത് നീക്കം ചെയ്യണം; 26 പേരുടെ പരാതിയില്‍ സുപ്രിംകോടതി അസം സര്‍ക്കാരിന് നോട്ടിസ് അയച്ചു

Update: 2021-03-03 17:48 GMT

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേരിനു നേരെ പൗരത്വം സംശയാസ്പദമെന്ന് രേഖപ്പെടുത്തിയതിനെതിരേ 26 പേര്‍ നല്‍കിയ പരാതിയില്‍ സുപ്രിംകോടതി അസം സര്‍ക്കാരിന് നോട്ടിസ് അയച്ചു. പട്ടികയില്‍ പേരിനുനേരെ 'ഡി(ഡൗട്ട്ഫുള്‍)' എന്ന് രേഖപ്പെടുത്തിയത് നീക്കം ചെയ്യണമെന്നാണ് ആവശ്യം. പൗരത്വം സംശയാസ്പദമാണെങ്കിലാണ് പേരിനു നേരെ 'ഡി' എന്ന് രേഖപ്പെടുത്തുന്നത്.

ചീഫ് ജസ്റ്റ്‌സ് അധ്യക്ഷനായ ബെഞ്ച് നാല് ആഴ്ചയ്ക്കു ശേഷം ഹരജി വീണ്ടും പരിഗണിക്കും.

അസമിലെ ബാര്‍പേട്ട ജില്ലയിലുള്ളവരാണ് മുഴുവന്‍ പരാതിക്കാരും. 1997 മുതല്‍ അവരുടെ പേരിനു നേരെ 'ഡി' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനുശേഷം പൗരത്വത്തെച്ചൊല്ലി തങ്ങള്‍ വലിയ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു.

''1997ല്‍ പ്രത്യേകിച്ച് അന്വേഷണമോ തെളിവെടുപ്പോ കൂടാതെയാണ് പൗരത്വം സംശയാസ്പദമെന്ന പട്ടികയില്‍ പെടുത്തിയത്. അത് പൗരനെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞു. ജീവനോപാധികള്‍ ഇല്ലാതാക്കി, സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തി, ചികില്‍സയും ഭക്ഷണവും ആരോഗ്യപരിപാലനത്തിനുള്ള സൗകര്യവും ഇല്ലാതാക്കി. രാജ്യഭ്രഷ്ടരാക്കുമെന്ന് പലരും ഭീഷണിപ്പെടുത്തി''- പരാതിയില്‍ പറയുന്നു.

അതേസമയം വിവരാവകാശ നിയമമനുസരിച്ച് തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഇവരുടെ പേരിന് നേരെ പൗരത്വം സംശയാസ്പദം എന്ന് രേഖപ്പെടുത്തുന്നതിന് കാരണമായ രേഖകളൊന്നും ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഇന്ത്യന്‍ ഭരണഘടനയുടെ 326ാം അനുച്ഛേദം അനുസരിച്ച് മൂന്ന് കാരണം കൊണ്ടേ ഒരാളുടെ വോട്ട് ചെയ്യാനുള്ള യോഗ്യത ചോദ്യം ചെയ്യാനാവൂ. താമസക്കാരനാവാതിരിക്കുക, മനോരോഗിയായിരിക്കുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക. എന്നാല്‍ തങ്ങള്‍ ഇത്തരം വിഭാഗത്തില്‍ പെടുന്നില്ലെന്നുമാത്രമല്ല, 1997 വരെ കൃത്യമായി വോട്ട് ചെയ്തിരുന്നവരാണെന്നും അതിനുശേഷം പൊടുന്നനെ പേര് അപ്രത്യക്ഷമാവുകയായിരുന്നെന്നും പരാതിക്കാര്‍ പറയുന്നു.

''പതിനെട്ടുവയസ്സിനു മുകളില്‍ പ്രായമുള്ള ഇന്ത്യയില്‍ പൗരനായ ഒരാളുടെ വോട്ടുചെയ്യാനുള്ള അവകാശം തിരിച്ചെടുക്കണമെങ്കില്‍ ഇന്ത്യന്‍ ഭരണഘടന കൃത്യമായ നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതില്‍പെടാത്ത ഒരു കാരണത്താലും വോട്ട് ചെയ്യാനുള്ള അവകാശം തിരിച്ചെടുക്കാനാവില്ല. പൗരത്വത്തിന് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ച ശേഷമാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഏകപക്ഷീയമായ രീതിയില്‍ നിയമപരമായ നടപടിക്രമണങ്ങള്‍ പാലിക്കാതെ ഒരാളുടെയും വോട്ടവകാശവും നിഷേധിക്കാനാവില്ല''-പരാതി തുടരുന്നു.

അഭിഭാഷകരായ ജയശ്രീ സത്പ്യൂട്ട്, ത്രിപ്തി പോദ്ദാര്‍, പ്രസന്ന എസ് എന്നിവര്‍ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായി.

Tags: