കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി ലിറ്റ്; പ്രമേയം ഉന്നതതല സബ് കമ്മിറ്റി പരിശോധിക്കും

Update: 2022-09-06 11:36 GMT

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് (ഡിലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച പ്രമേയം ഉന്നതതല സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. സിന്‍ഡിക്കേറ്റംഗം ഇ അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അംഗീകരിക്കുന്നതില്‍ അംഗങ്ങള്‍ക്കിടയില്‍തന്നെ ഭിന്നതയുണ്ടായതിനെ തുടര്‍ന്നാണ് സബ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്.

ഡോ. വിജയരാഘവന്‍, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമദ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് തീരുമാനം നിര്‍ദേശിക്കുക. വൈസ് ചാന്‍സിലറുടെ അനുവാദത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹത് വ്യക്തികളെന്ന നിലയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് ബഹുമതി നല്‍കണമെന്നാണ് പ്രമേയം.

മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്ന ആധുനിക വിദ്യാഭ്യാസമാണ് കാന്തപുരത്തിന്റെ കീഴില്‍ കാഴ്ചവയ്ക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തുകയും ഇന്നും ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പരിശോധിക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു.

Tags: