കൊളംബോയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അഞ്ചു വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറക്കി

Update: 2025-11-28 06:32 GMT

തിരുവനന്തപുരം: കൊളംബോ വിമാനത്താവളത്തിന് മുകളില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ അഞ്ചു വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറക്കി. ഇവയില്‍ ഗള്‍ഫ് മേഖലയിലെ മൂന്നു വിമാനങ്ങളും മലേഷ്യ, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വിമാനവും ഉള്‍പ്പെടുന്നു. കൊളംബോയ്ക്ക് മുകളിലുള്ള ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിഐഎഎല്‍) അറിയിച്ചു. തിരുവനന്തപുരത്തെ സര്‍വ്വീസുകളെ നിലവില്‍ ബാധിച്ചിട്ടില്ല.

ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങളും ദുബയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള ഓരോ വിമാനവും അബൂദബിയില്‍ നിന്നുള്ള എത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനവും ക്വാലാലംപൂരില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനവും തിരിച്ചുവിട്ടു. മുംബൈയില്‍ നിന്ന് കൊളംബോയിലേക്കുള്ള ഇന്‍ഡിഗോ വിമാനവും കൊളംബോയില്‍ ഇറക്കാന്‍ കഴിഞ്ഞില്ല.

Tags: