'റെഡി അണ്ണ' ഓണ്‍ലൈന്‍ ഗെയിം ആപ്പിലൂടെ 84 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 12 പേര്‍ അറസ്റ്റില്‍
നവി മുംബൈ: നിരോധിത ഓണ്‍ലൈന്‍ ഗെയിം ആപ്പായ റെഡി അണ്ണ ഉപയോഗിച്ച് 84 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ പന്ത്രണ്ടംഗ സംഘത്തെ നവി മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം 393 കേസുകളിലായി സംഘം തട്ടിപ്പുകള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പിനായി സംഘം 5,000 രൂപ കമ്മീഷന്‍ വാഗ്ദാനം ചെയ്ത് ആളുകളെ പ്രേരിപ്പിച്ച് അവരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആ അക്കൗണ്ടുകള്‍ വഴി ഓണ്‍ലൈന്‍ ചൂതാട്ടം, ഓഹരി നിക്ഷേപ തട്ടിപ്പ്, തൊഴില്‍ വാഗ്ദാന തട്ടിപ്പ് തുടങ്ങി വിവിധ തരം സൈബര്‍ തട്ടിപ്പുകള്‍ നടന്നു.
നെരൂള്‍ സെക്ടര്‍ 18ല്‍ നിന്നുള്ള ഉസ്മാന്‍ മിന്‍സാ ഷെയ്ഖ് എന്നയാളെ ഒക്ടോബര്‍ 14ന് സിബിഡി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇയാള്‍ ഏകദേശം 70 വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പാസ്ബുക്കുകളും ചെക്ക് ബുക്കുകളും ഇയാള്‍ ഡോംബിവിലിയിലെ ഹാരിസ് എന്നയാള്‍ക്ക് പോര്‍ട്ടര്‍ സേവനത്തിലൂടെ അയച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ മറ്റുള്ളവരെയും പോലിസ് പിടികൂടിയത്.
അറസ്റ്റിലായവരില്‍ നിന്ന് 52 മൊബൈല്‍ ഫോണുകള്‍, ഏഴു ലാപ്ടോപ്പുകള്‍, 99 ഡെബിറ്റ് കാര്‍ഡുകള്‍, 64 ബാങ്ക് പാസ്ബുക്കുകള്‍ എന്നിവ പോലിസ് പിടിച്ചെടുത്തു. അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ അജയ് കുമാര്‍ ലാന്‍ഡെയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
