സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ വഴി സൈബര്‍ തട്ടിപ്പ്; ഉപയോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സ്‌ക്രീന്‍ ഷെയറിങ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ഇന്ത്യന്‍ സൈബര്‍ നിയമത്തിലെ 14ഇ വ്യവസ്ഥ പ്രകാരം, മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ചില സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം ആപ്പുകള്‍ വഴി സൈബര്‍ കുറ്റവാളികള്‍ക്ക് ഫോണിലെ രേഖകളും വ്യക്തിഗത വിവരങ്ങളും ചോര്‍ത്താനും ഉപകരണത്തിന്റെ നിയന്ത്രണം കൈക്കലാക്കാനും സാധിക്കും.
നിലവില്‍ എനി ഡെസ്‌ക്, ടീം വ്യൂവര്‍, ക്വിക് സപ്പോര്‍ട്ട് തുടങ്ങിയ സ്‌ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷനുകള്‍ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍, കസ്റ്റമര്‍ കെയര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരായി നടിച്ച് ഉപയോക്താക്കളെ സമീപിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്ന പ്രധാന രീതി. ഇതിലൂടെ ഉപയോക്താവിന്റെ ബാങ്കിങ് ഇടപാടുകള്‍ നിരീക്ഷിക്കുകയും ഒടിപി, പാസ്‌വേര്‍ഡ് തുടങ്ങിയ രഹസ്യ വിവരങ്ങള്‍ കൈക്കലാക്കി ഉപഭോക്താവറിയാതെ തന്നെ പണം തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ആവശ്യമില്ലെങ്കില്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
ഏതെങ്കിലും സ്‌ക്രീന്‍ ഷെയറിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് ആവശ്യപ്പെടുന്ന അനുമതികള്‍ സൂക്ഷ്മമായി പരിശോധിക്കുക.
ഒടിപി, പാസ്‌വേഡ്, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ആരോടും പങ്കുവെക്കാതിരിക്കുക.
തട്ടിപ്പിന് ഇരയായാല്‍:
സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി നല്‍കണം.
നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്‌ലൈന്‍ നമ്പര്‍ 1930ല്‍ ബന്ധപ്പെടണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

