മുഹമ്മദ് ഷമിയെ പിന്തുണച്ച കോഹ്‌ലിക്കെതിരേ സൈബര്‍ ആക്രമണം

Update: 2021-11-01 10:14 GMT

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോട് വന്‍ തോല്‍വിയേറ്റുവാങ്ങിയതിനെ തുടര്‍ന്ന് തീവ്രഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്കെതിരേ സൈബര്‍ ആക്രമണം. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആക്രമണം നടക്കുന്നത്. ട്വിറ്ററിലും ഫേസ് ബുക്കിലും ഒരുപോലെ ആക്രമണം നടക്കുണ്ട്. #ChupRehBhadweViratKoh-li" എന്ന ഹാഷ് ടാഗ് ക്യാപയിനും നടക്കുന്നുണ്ട്.

കോഹ് ലിക്കു പുറമെ ഭാര്യ അനുഷ്‌കാ ശര്‍മക്കെതിരേയും 9 മാസമുള്ള മകള്‍ക്കെതിരേയും ആക്രമണം നടക്കുന്നുണ്ട്.  ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് അനുഷ്‌ക. 

''തന്റെ മുസ് ലിം സഹപ്രവര്‍ത്തകനെതിരേ നടന്ന ആക്രമണത്തെ പ്രതിരോധിച്ചതിനാണ് 9 മാസം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്കെതിരേ ബലാല്‍സംഗ ഭീഷണി മുഴക്കുന്നത്. ചീഞ്ഞത് എന്നല്ലെങ്കില്‍ പിന്നെ എന്താണ് ഇതിനെ വിളിക്കുകയെന്ന്'' ഒരാള്‍ ട്വീറ്റ് ചെയ്തു. ഹിന്ദുത്വര്‍ ഭ്രാന്താണ് കാണിക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.

ഇന്ത്യയെ നിരവധി മല്‍സരങ്ങളില്‍ ജയിപ്പിച്ച മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണെന്നാണ് ക്യാപ്റ്റന്‍ കോഹ് ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ ടീം ഒന്നടങ്കം ഷമിക്കൊപ്പമാണ്. 200ശതമാനവും താരത്തിന് പിന്‍തുണ നല്‍കുന്നു. മതത്തിന്റെ പേരില്‍ വിവേചനം നടത്തുകയെന്നത് ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ പ്രവൃത്തിയാണ്. അഭിപ്രായ സ്വാതന്ത്ര്യം ആവാം. എന്നാല്‍ അത് മതത്തിന്റെ പേരില്‍ ആവരുത്. ഞങ്ങളുടെ സഹോദര്യം തകര്‍ക്കാനാവില്ല. നട്ടെല്ല് ഇല്ലാത്ത ആളുകളാണ് ഇത്രയും മോശമായ പ്രവൃത്തികള്‍ നടത്തുന്നത്. ആ നട്ടെല്ല് ഇല്ലാത്തവര്‍ ചെയ്യുന്ന കാര്യത്തില്‍ സങ്കടമുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

Tags:    

Similar News