മലബാറില്‍ സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ധന

Update: 2019-05-17 12:27 GMT
കോഴിക്കോട്: വാട്സ് അപ്പ് കൂട്ടായ്മയിലൂടെ വിദ്യാര്‍ഥികളെ ഉപയോഗിച്ച് സൈബര്‍ അക്രമണം നടത്തുന്ന സംഘം മലബാറില്‍ സജീവം. 30 പേരടങ്ങുന്ന 'അറക്കല്‍ തറവാട് ' എന്ന പേരിലുള്ള വാട്‌സ് അപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് സൈബര്‍ അക്രമണം നടത്തുന്നതെന്നാണ് സൂചന. വടകര കുഞ്ഞിപ്പള്ളിയിലെ പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈലും വീട്ടിലെ കമ്പൂട്ടറും ഇത്തരത്തില്‍ വൈറസ് ആക്രമണത്തിനിരയായി. ഇതു സംബന്ധിച്ച് ചോമ്പാല പോലിസിന് പരാതി ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടെ ഫോണില്‍ സഹപാഠിയുടെ കന്നട ഭാഷയിലെ ഒരു ലിങ്ക്‌മെസ്സേജാണ് ആദ്യം വന്നത്. അതില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ റീസ്റ്റാര്‍ട്ട് ആയി. പിന്നെ ഫോണ്‍ മറ്റാരോ നിയന്ത്രിക്കുന്നത് പോലെയായി. ഈ സമയം സഹോദരന്‍ ഗെയിം കളിച്ചിരുന്ന കമ്പ്യൂട്ടറില്‍ ഫോണിന്റെ ഡിസ്‌പ്ലേയാണ് പ്രത്യക്ഷപ്പെട്ടത്. അപ്പോള്‍ തെളിഞ്ഞ ഒരു നമ്പറില്‍ വിളിച്ചപ്പോള്‍ തൃശൂരിലെ ഒരു സ്ത്രീയാണ് ഫോണെടുത്തതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീക്ക് പക്ഷെ ഇതേക്കറിച്ച് ഒന്നുമറിയില്ലെന്നാണു മറുപടി പറഞ്ഞത്. സ്വിച്ച് മോഡല്‍ ഉപയോഗിക്കുന്നവരുടെ നമ്പരുകള്‍ ശേഖരിച്ച് ഒടിപി ബൈപ്പാസ് സംവിധാനത്തിലൂടെ സൈബര്‍ ആക്രമണത്തിന് ഇത്തരത്തിലുള്ള സംഘം ഉപയോഗിക്കുന്നതായാണ് സംശയിക്കുന്നത്. വിദ്യാര്‍ഥി സഹപാഠിയുമായി ബന്ധപ്പെട്ടപ്പോഴാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥി അറക്കല്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ടു. പിന്നെ ഭീഷണിയും അസഭ്യവര്‍ഷവുമാണ്. ഇതേ ഗ്രൂപ്പിലുള്ളവര്‍ തന്നെയുള്‍പ്പെട്ട പതിനഞ്ചോളം സമാന ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. പ്രശസ്തനായ മലയാള സിനിമ നടന്റെ പേരിലാണ് പല ഗ്രൂപ്പുകളുമെന്നാണു സൂചന. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പിതാവാണ് ചോമ്പാല പോലിസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥയുടെ സഹപാഠിയെ പോലിസ് വിളിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടെ വീട്ടില്‍ സിസിടിവി ബോര്‍ഡ് അടക്കം ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് പരാതി.

Similar News