പി സി അബ്ദുല്ല
കൊച്ചി: പി സി ജോര്‍ജ് സമുദായത്തിന്റെ അംബാസിഡര്‍ ചമയേണ്ടെന്ന നിലപാടിന്റെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനെതിരെ ക്രിസ്ത്യന്‍ തീവ്രവിദ്വേഷ ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണം. ആര്‍എസ്എസിനെയും പിസി ജോര്‍ജിനെയും പിന്തുണക്കുന്ന 'കാസ'യുടേയും മറ്റും സാമൂഹിക മാധ്യമ ഇടങ്ങളില്‍ രൂക്ഷമായ അധിക്ഷേപമാണ്
യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനെതിരെ നടക്കുന്നത്.
പിസി ജോര്‍ജിനെ തള്ളിപ്പറഞ്ഞ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിനെതിരെയും കടുത്ത അപവാദ പ്രചാരണമാണ് ആര്‍എസ്എസ് -ക്രിസ്ത്യന്‍ വിദ്വേഷ ഗ്രൂപ്പുകള്‍ അഴിച്ചുവിടുന്നത്.
'ലൗ ജിഹാദ്, നാര്‍കോട്ടിക് വിവാദങ്ങളില്‍ സീറോ മലബാര്‍ സഭയെയും പാലാ ബിഷപ്പിനെയുമൊക്കെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ്
മാര്‍ മിലിത്തിയോസും ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസുമൊക്കെ തുടക്കം മുതലേ സ്വീകരിച്ചിരുന്നത്.
ബിജെപി തോളിലേറ്റി നടക്കുന്ന പിസി ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാംപ്യനാകേണ്ടെന്ന് മാര്‍ മിലിത്തിയോസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
പി സി ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പി സി ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാസഭാ നേതൃത്വം ലവ്ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉന്നയിക്കുന്നത് വ്യക്തിതാല്‍പര്യം മൂലമാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കിയിരുന്നു.
ഏതെങ്കിലും ഒരു പൊതുശത്രുവിനെതിരെ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പൊതുവിപത്തിനെതിരെ എന്നൊക്കെ ക്രിസ്ത്യാനികള്‍ സംഘടിക്കുന്നുവോ അന്നൊക്കെ ഈ അവതാരം രംഗപ്രവേശം ചെയ്യുമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനെക്കുറിച്ച് കാസ പ്രതികരിച്ചത്. കാസയുടെ പേജില്‍ മാര്‍ മിലിത്തിയോസിനെക്കുറിച്ചും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിനെക്കുറിച്ചും അധിക്ഷേപകരമായ പ്രചാരണങ്ങള്‍ ധടക്കുന്നത് സീറോ മലബാര്‍ സഭയുടെ പിന്തുണയോടെയാണെന്ന് ആക്ഷേപമുണ്ട്.
ഫാദര്‍ രാജപ്പന്‍ ജോണില്‍ നിന്നും ഇന്നു കാണുന്ന യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വരെ എത്തിയ ചരിത്രം ചതിയുടെയും വഞ്ചനയുടെയും തൊഴുത്തില്‍ കുത്തിന്റെയും മാത്രമാണെന്നാണ് കാസയുടെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചത്. നിരവധി പേരാണ്
ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപനെതിരെ വ്യക്തിഹത്യയുമായി രംഗത്തുവന്നിരിക്കുന്നത്.

