പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പാര്‍ട്ടി ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Update: 2020-01-11 16:16 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനുവരി 10 ന് പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടിക്രമങ്ങളും ഉടന്‍ നിര്‍ത്തിവക്കെണമെന്നും യോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പാര്‍ട്ടി ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

തെറ്റായ പൗരത്വ നിയമം രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായെന്നും അതിനെതിരേയുള്ള യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രക്ഷോഭങ്ങളെ ബിജെപി സര്‍ക്കാര്‍  ക്രൂരമായി മര്‍ദ്ദിച്ചൊതുക്കിയെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി കുറ്റപ്പെടുത്തി. 

''പൗരത്വ നിയമം ഭരമഘടനാ സാധുതയും രാഷ്ട്രീയ സദാചാരവും അടക്കം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പൗരത്വ നിയവും പൗരത്വ പട്ടികയും രാജ്യത്താകമാനമുള്ള മത, ഭാഷ, ആദിവാസി ന്യൂനപക്ഷങ്ങള്‍ക്കിടയിലും ആദിവാസികള്‍ക്കിടയിലും ഭീതി വിതച്ചിരിക്കുന്നു''- പ്രമേയം ചൂണ്ടിക്കാട്ടി. ''സമരം ചെയ്യുന്ന കുട്ടികളെ ശ്രവിക്കുന്നതിനു പകരം ബിജെപി സര്‍ക്കാര്‍ ലാത്തിച്ചാര്‍ജ്ജും ടിയര്‍ഗ്യാസ് പ്രയോഗവും അറസ്റ്റുകളും അഴിച്ചുവിട്ട് അടിച്ചൊതുക്കുകയാണ്.''

പൗരത്വനിയമവും ജനസംഖ്യാ രജിസ്റ്ററും പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പൗരത്വ നിയമം എന്താണെന്നും അതിന്റെ നിഗൂഢ അജണ്ടകളും എല്ലാവര്‍ക്കും ബോധ്യമായെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. കശ്മീര്‍, സാമ്പത്തിക ഘടന, യുഎസ്-ഇറാന്‍ ബന്ധം തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.  

Tags:    

Similar News