നെടുങ്കണ്ടം കസ്റ്റഡി മരണം: ജസ്റ്റിസ് കെ നാരായണക്കുറിപ്പിന്റെ റിപോര്‍ട്ട് ശരിവച്ചു; കുറ്റക്കാരായ പോലിസുകാരെ പിരിച്ചുവിടാനും ശുപാര്‍ശ

സംസ്ഥാനത്ത് പ്രബേഷന്‍ നയം രൂപീകരിക്കും

Update: 2021-02-15 10:22 GMT

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാര്‍ശയും ഇതില്‍ ഉള്‍പ്പെടും. ശുപാര്‍ശ പ്രകാരം കുറ്റക്കാരായ 9 പോലിസുകാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടും.

സംസ്ഥാനത്ത് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന്‍ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്പ്രദായമാണ് നല്ലനടപ്പ് അല്ലെങ്കില്‍ പ്രബേഷന്‍. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് നയത്തിലുള്ളത്.

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫിസുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

കേരള ഷോപ്‌സ് ആന്റ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

Tags: