കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും യുഎഇ മുന്‍ പ്രവാസിയുമായ ഉതുമാന്‍ ചാലില്‍ അബ്ദുല്‍ ജബ്ബാര്‍ അന്തരിച്ചു
മഞ്ചേരി: കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും യുഎഇ മുന്‍ പ്രവാസിയുമായ കൊടുങ്ങല്ലൂര്‍ എറിയാട് കറുകപ്പാടത്ത് ഉതുമാന്‍ ചാലില്‍ അബ്ദുല്‍ ജബ്ബാര്‍( ജബ്ബാരി,78) അന്തരിച്ചു. ഇന്ന്(ബുധന്‍) പുലര്‍ച്ചെ 2.30ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യവീട്ടിലായിരുന്നു മരണം. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.
ദുബായ് കേന്ദ്രീകരിച്ച് 'സഹൃദയ' സാംസ്‌കാരിക സംഘടനയ്ക്ക് നേതൃത്വം നല്‍കിയിരുന്നു. കൂടാതെ, സലഫി ടൈംസ്' എന്ന മിനി മാഗസിനും ഏറെക്കാലം പ്രസിദ്ധീകരിച്ചു. യുഎഇയിലെ മലയാളം മാധ്യമ കൂട്ടായ്മയിലും മറ്റു സാംസ്‌കാരിക സംഘടനകളിലും സജീവമായിരുന്ന അദ്ദേഹം പഴയകാല ബാലജന സഖ്യം പ്രവര്‍ത്തകന്‍ കൂടിയാണ്. നാടകം ഉള്‍പ്പെടെ കലാസാസ്‌കാരിക മേഖലകളില്‍ അന്നേ പങ്കെടുത്തിരുന്ന ജബ്ബാരിക്ക ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖം കാരണമാണ് പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. ആയിഷ, നഫീസ, സഫിയ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍:റംലത്ത്(ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥ), അബൂബക്കര്‍, ഷംസുദ്ദീന്‍(ഗള്‍ഫ്), സൈനബ, നദ, നജാഹ്, അബ്ദുല്‍ നഹീം.
മരുമക്കള്‍: പരേതനായ സൈഫുദ്ദീന്‍, അബ്ദുല്‍ റഷീദ് യുബസാര്‍, ഹസീന, ഷഹീര്‍. ഖബറടക്കം ഇന്ന് വൈകിട്ട് 5.30ന് കടപ്പൂര് മഹല്ല് പള്ളി ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.