നിര്‍മ്മാണം പുരോഗമിക്കുന്ന കോഴിക്കോട്-വടകര റീച്ചിലെ ദേശീയപാതയുടെ ഭിത്തിയില്‍ വിള്ളല്‍
കോഴിക്കോട്: നിര്‍മ്മാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയുടെ കോഴിക്കോട്-വടകര റീച്ചിലെ സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍. ചോമ്പാല്‍ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടര്‍പാസിനും ഇടയിലുള്ള ഭാഗത്താണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അഴിയൂര്‍ മേഖലയില്‍ പുതുതായി നിര്‍മ്മിച്ച സംരക്ഷണഭിത്തിയാണ് ഇത്. എന്നാല്‍ റോഡ് നെടുകെ പിളര്‍ന്നിരിക്കുന്നതു കാരണം നിര്‍മ്മാണത്തിലിരിക്കുന്ന ആറുവരിപ്പാത ഇടിയാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
നിര്‍മ്മാണത്തില്‍ ഗുരുതരമായ അപാകതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍വീസ് റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ ഭിത്തിയുടെ വശങ്ങളില്‍ നിലവില്‍ മണ്ണ് നിറച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മണ്ണിന്റെ ഭാരം കൂടുന്തോറും വിള്ളലിന്റെ ആഴം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അപകട ഭീഷണിയുയര്‍ത്തുന്ന നിലവിലെ സംരക്ഷണഭിത്തി പൂര്‍ണ്ണമായും പൊളിച്ചുനീക്കി പുതിയത് നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.