കടല്‍സമ്പത്ത് സംരക്ഷിക്കാന്‍ ഇന്ന് മുതല്‍ ബഹ്‌റയ്‌നില്‍ ഞണ്ട് പിടിത്തത്തിന് വിലക്ക്
മനാമ: ബഹറയ്‌നിലെ പ്രാദേശിക സമുദ്രാതിര്‍ത്തിയില്‍ ഞണ്ട് പിടിത്തത്തിന് ഏര്‍പ്പെടുത്തിയ രണ്ടു മാസത്തെ നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കടല്‍ വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായാണ് നടപടി. ഇന്ന് മുതല്‍ മേയ് 15 വരെയാണ് നിരോധനകാലം. ഞണ്ടുകളുടെ പ്രജനന സമയത്ത് അവയ്ക്ക് സംരക്ഷണം നല്‍കുകയും സമുദ്രത്തിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് സുപ്രിം കൗണ്‍സില്‍ ഓഫ് എന്‍വയണ്‍മെന്റ് അറിയിച്ചു.
ഈ കാലയളവില്‍ ഞണ്ടുകളെ പിടിക്കാനോ വില്‍ക്കാനോ പാടില്ല. മറ്റു മല്‍സ്യങ്ങളെ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഞണ്ടുകള്‍ വലയില്‍ കുടുങ്ങിയാല്‍, അവയെ പരിക്കേല്‍പ്പിക്കാതെ ഉടന്‍ തന്നെ കടലിലേക്ക് തിരികെ വിടണമെന്നും നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനായി മല്‍സ്യത്തൊഴിലാളികള്‍ തീരുമാനവുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.