തിരുവനന്തപുരം: സസ്‌പെന്‍ഷനിലായിരുന്ന സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പോലിസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട എസ്പി ആണ് നടപടി സ്വീകരിച്ചത്. കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവില്‍ പത്തനംതിട്ട ആറന്മുള സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു. സേനയിലെ അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടത്.
സര്‍വീസിലിരിക്കുമ്പോഴും സസ്‌പെന്‍ഷനിലായപ്പോഴും ഉമേഷ് വള്ളിക്കുന്നിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ ഉണ്ടായെന്ന് വിവിധ അന്വേഷണ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടകം പല തവണ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിട്ടുള്ള ഉമേഷ് വള്ളിക്കുന്ന് ഏറെ കാലമായി സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്നു. മൂന്നു തവണ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിട്ടുള്ള ഉമേഷ് വള്ളിക്കുന്ന് സംസ്ഥാനത്തെ പോലിസ് സേനയിലെ ഉന്നതരെയും പോലിസ് സംവിധാനത്തെയും നിരന്തരം വിമര്‍ശിക്കുന്നയാളാണ്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിരുന്നു.